വിമാനത്തിന്റെ അപ്രതീക്ഷിതമായി ലാൻഡിങ്, ചാടി എഴുന്നേറ്റ് അലറി; ദോഹ–ദുബായ് യാത്രയിലെ ആ ദിവസം, മരണം അടുത്തെന്ന് തോന്നി
വിമാന യാത്രക്കിടെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് അലറി വിളിച്ചാൽ എങ്ങനെയുണ്ടാകും. അത്തരമൊരു യാത്രാനുഭവമാണ് മനോജിന് പറയാനുള്ളത്. നാട്ടിലേക്ക് അവധിക്ക് പോകുന്നതിന് മുൻപുള്ള ദിവസങ്ങൾ ഒരുപാട് തിരക്കുപിടിച്ചതാണ്. ഓഫിസിലെ ചുമതലകൾ പൂർത്തിയാക്കൽ, നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കൽ, വീട് ഒതുക്കൽ, ഷോപ്പിങ്, പായ്ക്കിങ് തുടങ്ങി ചെയ്തു തീർക്കാൻ ഏറെയുണ്ടാകും. മര്യാദയ്ക്ക് ഒന്നുറങ്ങാൻ പോലുമുള്ള സമയം പലപ്പോഴും കിട്ടാറില്ല. ഓട്ടപ്പാച്ചിൽ അവസാനിക്കുന്നത് വിമാനത്തിനുള്ളിലെ സീറ്റിൽ കയറി ഇരിക്കുമ്പോഴാണ്. അതുവരെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനുള്ള സമയവും കിട്ടാറില്ല.
അങ്ങനെ ഒരിക്കൽ തിരക്കിട്ട ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് അവധിക്ക് പോകാനായി ദോഹയിലെ വിമാനത്താവളത്തിലെത്തി. പതിവിന് വിപരീതമായി അന്ന് ദുബായ് വഴി കണക്ഷൻ വിമാനത്തിലാണ് നാട്ടിലേക്ക് പോകുന്നത്. ചെക്ക് ഇൻ, ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനുള്ളിൽ സീറ്റിൽ കയറി ഇരുന്നപ്പോഴാണ് ഒന്നു റിലാക്സ് ആയത്. സീറ്റിൽ ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ക്ഷീണം കാരണം വേഗം ഉറങ്ങി പോയി. ഉറക്കത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നത് വിമാനം പെട്ടെന്ന് പെട്ടെന്ന് താഴുന്നു. ഇടിച്ചിറങ്ങുന്ന രീതിയിൽ താഴേയ്ക്ക് പോകുന്ന ഫീലിങ്. അപ്രതീക്ഷിതമായി വിമാനം ലാൻഡ് ചെയ്യുന്നു. ഞാൻ ഉൾപ്പെടെയുള്ള യാത്രക്കാരുടെ അന്ത്യം അടുത്തുവെന്ന് കരുതി പെട്ടെന്ന് ചാടി എണീറ്റ് ബഹളം വെച്ചു. വിമാനം ഇടിച്ചിറങ്ങുന്നു വേഗം രക്ഷപ്പെടാം എന്നുറക്കെ അലറിയാണ് ഞാൻ എഴുന്നേൽക്കുന്നത്. തൊട്ടടുത്ത സീറ്റിൽ ഇരുന്നയാൾ പറഞ്ഞു പേടിക്കേണ്ട വിമാനം ദുബായിൽ ലാൻഡ് ചെയ്യുകയാണ് എന്ന്. അപ്പോഴാണ് സ്ഥലകാലബോധം വന്നത്. നോക്കുമ്പോൾ ചുറ്റുമുള്ള യാത്രക്കാർ ചിരിക്കുന്നു. ചമ്മലും ചിരിയും കലർന്ന മുഖത്തോടെ ഞാൻ സീറ്റിലേയ്ക്ക് ഇരുന്നു.
ദുബായ് വഴിയാണ് പോകുന്നതെന്ന് പെട്ടെന്ന് മറന്നു പോയി. ദോഹയിൽ നിന്ന് ഏകദേശം 45 മിനിറ്റ് മതി ദുബായിലേക്ക്. അത്രയും ദിവസത്തെ ഉറക്കക്ഷീണവും സമീപ ദിവസങ്ങളിലെ വിമാനാപകടങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉപബോധമനസിൽ കിടന്നതും വിമാനത്തിന്റെ അപ്രതീക്ഷിതമായ ലാൻഡിങ്ങും എല്ലാം കൂടിയായപ്പോൾ സംഭവിച്ചു പോയതാണ്. വിമാനയാത്രകളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അന്നത്തെ ഞെട്ടിപിടഞ്ഞുള്ള അലർച്ചയും യാത്രക്കാരുടെ ചിരിയും തന്നെയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)