ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകൾ; ഒരു വര്‍ഷം വരുന്ന നഷ്ടം 21,000 കോടിയോളം
ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരു വര്‍ഷം 21,000 കോടി രൂപ നഷ്ടമാകുന്നതായി പരാതി. വിദേശരാജ്യങ്ങളില്‍നിന്ന് വിമാന, കപ്പല്‍, റോഡ് മാര്‍ഗവും സ്പീഡ് പോസ്റ്റിലൂടെയുമാണ് രാജ്യത്തേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നതെന്നാണ് ഉയരുന്ന പരാതി. നികുതി നഷ്ടത്തിന് പുറമെ, സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് നയിക്കുന്നു. ഇന്ത്യയിലെ പുകയില കര്‍ഷകരെയും നിര്‍മാതാക്കളെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സിഗരറ്റ് നിര്‍മാണ കമ്പനിയായ ഐറ്റിസിയുടേതാണ് പരാതി. തെക്ക് – കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങള്‍ തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ശ്രോതസാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും ഐറ്റിസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് വില്‍ക്കുന്ന 25 ശതമാനം പുകയില ഉത്പന്നങ്ങളും നികുതി അടക്കാതെ എത്തുന്നവയാണെന്നാണ് റിപ്പോർട്ട്. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഒരുലക്ഷം കോടി രൂപക്ക് മുകളില്‍ നികുതി നഷ്ടം ഈയിനത്തില്‍ മാത്രം രാജ്യത്തിനുണ്ടായി. 2023 – 2024 കാലയളവില്‍ 179 കോടി രൂപ വില വരുന്ന വിദേശ സിഗരറ്റ് പിടികൂടിയിരുന്നു. ഇതില്‍ പകുതിയും കപ്പല്‍ മാര്‍ഗമാണ് കടത്തിയത്. കസ്റ്റംസ് വകുപ്പുമായി ചേര്‍ന്ന് 308 കോടി രൂപയുടെ വ്യാജ സിഗരറ്റും പിടികൂടി. പുകയില ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. നികുതി കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ പുകയില ഉത്പന്നങ്ങള്‍ രാജ്യത്തെത്തിച്ചാല്‍ കൂടിയ വിലയ്ക്ക് വില്‍ക്കാനും സാധിക്കും. റവന്യൂ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച്, ഒരു പാക്കറ്റിന് 50 രൂപ വരെ ലാഭം കിട്ടും. കേരളത്തിലെ കടകളില്‍ വിദേശ സിഗരറ്റുകള്‍ സുലഭമാണ്. വ്യാജ സിഗരറ്റുകളെ കണ്ടെത്താന്‍ വളരെ പ്രയാസകരവുമാണ്.
Comments (0)