ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികവുമായി ഖത്തർ പാസ്പോർട്ടും
ദോഹ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികവുമായി ഖത്തർ പാസ്പോർട്ടും. പുതുവർഷത്തിലെ ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് ആറു സ്ഥാനം മെച്ചപ്പെടുത്തി ഖത്തറിന്റെ കുതിപ്പ്. മുൻ വർഷത്തേക്കാൾ ആറു സ്ഥാനം കയറിയ ഖത്തർ 199 രാജ്യങ്ങളുടെ പട്ടികയിൽ 47ാം സ്ഥാനത്തെത്തി.
പാസ്പോർട്ട് ഉടമകൾക്ക് മറ്റു രാജ്യങ്ങളിലേക്ക് വിസയില്ലാതെ അനായാസ യാത്രയും വിസ ഓൺ അറൈവലും ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയാറാക്കുന്നത്. നിലവിൽ ലോകത്തെ 227 രാജ്യങ്ങളിൽ 112 രാജ്യങ്ങളിൽ ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് വിസ ഫ്രീ യാത്ര ഉറപ്പാണ്. 2024ൽ ഇത് 108 രാജ്യങ്ങളായിരുന്നു.
2020ൽ 54ഉം 2021ൽ 60ഉം 2022ൽ 53ഉം 2023ൽ 55ഉം റാങ്കിലായിരുന്നു ഖത്തർ പാസ്പോർട്ടിന്റെ സ്ഥാനം. സമീപകാലത്ത് ആദ്യമായാണ് ഖത്തരി പാസ്പോർട്ട് 50നുള്ളിലെത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് അമേരിക്കയും വിസ ഫ്രീ യാത്ര ഉറപ്പാക്കിയിരുന്നു. ജി.സി.സിയിൽ അമേരിക്കയിലേക്ക് വിസയില്ലാതെ യാത്ര ഉറപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. ഈ നേട്ടമെല്ലാം ഹെൻലി ഇൻഡക്സിൽ മികവായി മാറി.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഖത്തർ. ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ച യു.എ.ഇയാണ് ഒന്നാമതുള്ളത്. പത്താം സ്ഥാനത്തെത്തിയ യു.എ.ഇ പാസ്പോർട്ടിന് 185 രാജ്യങ്ങളിലേക്ക് വിസ ഫ്രീ പ്രവേശനവും വിസ ഓൺ അറൈവലുമുണ്ട്. കുവൈത്ത് (50ാം റാങ്ക്, 99 രാജ്യങ്ങളിലേക്ക് വിസ ഫ്രീ എൻട്രി), ബഹ്റൈൻ (58ാം റാങ്ക്, 87 രാജ്യങ്ങൾ), സൗദി അറേബ്യ (58ാം റാങ്ക്, 87 രാജ്യങ്ങൾ), ഒമാൻ 59ാം റാങ്ക്, 86 രാജ്യങ്ങൾ) എന്നിങ്ങനെയാണ്.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനം സിംഗപ്പൂർതന്നെ നിലനിർത്തി. 195 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂർ പാസ്പോർട്ടിന് വിസ ഫ്രീ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. ജപ്പാൻ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവരാണ് പിന്നീടുള്ളത്. അഫ്ഗാനിസ്താൻ (106ാം റാങ്ക്), സിറിയ (105), ഇറാഖ് (104) എന്നിവരാണ് ഏറ്റവും പിന്നിലുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)