5.27 കോടി യാത്രികർ; ആഗോള ഹബ്ബായി ഹമദ്
ദോഹ: യാത്രക്കാരുടെയും വിമാനങ്ങളുടെയും ചരക്കു നീക്കങ്ങളുടെയും എണ്ണത്തിൽ പുതിയ റെക്കോഡുമായി ഖത്തറിന്റെ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ൽ ഹമദ് വിമാനത്താവളം വഴി 5.27 കോടി പേർ യാത്ര ചെയ്തതായി പുതുവർഷപ്പിറവിക്കു പിന്നാലെ അധികൃതർ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തേക്കാൾ 15 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നേരിടുള്ള യാത്രാസൗകര്യമായി മേഖലയിലെ ഏറ്റവും വലിയ ആകാശയാത്ര ഹബായി ദോഹ മാറിയതിന്റെ സാക്ഷ്യം കൂടിയാണ് യാത്രക്കാരിലെ അഭൂതപൂർവമായ വളർച്ച.
2.79 ലക്ഷം വിമാനങ്ങളാണ് ഒരു വർഷത്തിനിടെ സർവിസ് നടത്തിയത്. മുൻവർഷത്തെക്കാൾ 10 ശതമാനം വരെയാണ് വർധന. 26 ലക്ഷം ടൺ ചരക്കുകളും 4.13 കോടി യാത്രാ ബാഗും പോയവർഷത്തിൽ വിമാനത്താവളം കൈകാര്യം ചെയ്തു. യഥാക്രമം 12 ശതമാനം, 10 ശതമാനം എന്നിങ്ങനെയാണ് മുൻവർഷത്തെ അപേക്ഷിച്ചുള്ള വർധന. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) എയർപോർട്ട് ഇൻഡസ്ട്രി കണക്ടിവിറ്റി റിപ്പോർട്ടിൽ മധ്യപൂർവേഷ്യയിൽ ഏറ്റവും കൂടുതൽ കണക്ഷൻ സൗകര്യമുള്ള വിമാനത്താവളമായി ഹമദിനെ തിരഞ്ഞെടുത്തതായി വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം പ്രതിമാസങ്ങളിലെ യാത്രക്കാരുടെ പോക്കുവരവിലും വൻവർധനയാണ് ഹമദ് വിമാനത്താവളം കുറിച്ചത്. ഓരോ മാസവും 40 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികരിൽ വലിയൊരു പങ്കും ദോഹ വഴി സഞ്ചരിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക യാത്രയിലും 16 ശതമാനം വർധനയുണ്ടായി. ഖത്തറിലേക്ക് വന്ന് പോകുന്നവരും വിനോദ സഞ്ചരികളും ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിലാണ് ഈ വർധന. 1.20 കോടിയാണ് പോയന്റ് ടു പോയന്റ് യാത്രക്കാർ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)