ഖത്തറിലെ മുശൈരിബ് ഡൗൺടൗൺ;സന്ദർശകരുടെ ഇഷ്ടകേന്ദ്രം
ദോഹ: ഖത്തറിന്റെ ആസൂത്രിത നഗരമായ മുശൈരിബ് ഡൗൺടൗൺ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു. ബഹുനില കെട്ടിടങ്ങളും അതിന് താഴ്ഭാഗത്തായുള്ള വിശാലമായ പാർക്കിങ്, വലിയ ജനസാന്ദ്രതയിലും തിരക്ക് അനുഭവപ്പെടാത്ത നിരത്തുകൾ, കാൽനടക്കാർക്കുള്ള നടപ്പാതകൾ, മെട്രോയും ട്രാമുമുൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാമായി ദോഹയിലെ പ്രധാന കേന്ദ്രമായ ഡൗൺടൗണിൽ കഴിഞ്ഞ വർഷം ഒന്നരക്കോടിയിലേറെ സന്ദർകരെത്തിയെന്ന് കണക്കുകൾ. പുതുവർഷത്തോടനുബന്ധിച്ച് മുശൈരിബ് പ്രോപ്പർട്ടീസാണ് കഴിഞ്ഞ വർഷത്തെ സന്ദർശക വിവരങ്ങൾ പങ്കുവെച്ചത്. 2023ൽ 90 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ ഇത്തവണ 66 ശതമാനം വർധിച്ചാണ് ഒന്നരക്കോടിയിലെത്തിയത്.
നഗരത്തിലെ ട്രാമിന്റെ ജനപ്രീതിയും വർധിച്ചതായും മുശൈരിബ് പ്രോപ്പർട്ടീസ് വാർത്താ കുറിപ്പിൽ പറഞ്ഞു. 2024ൽ 10 ദശലക്ഷം പേർ ട്രാം ഉപയോഗിച്ചു. സാംസ്കാരിക ആഘോഷങ്ങളുടെയും ലോകോത്തര പ്രദർശനങ്ങളുടെയും കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന വിനോദങ്ങളുടെയും കേന്ദ്രമായി മാറിയതോടെ ഡൗൺടൗൺ തദ്ദേശീയർക്കും സന്ദർശകർക്കും പ്രിയപ്പെട്ട ഇടമായി മാറി. ദേശീയദിനമായ ഡിസംബർ 18ന് മാത്രം ഒരു ലക്ഷത്തിലധികം സന്ദർശകരാണ് മുശൈരിബിലെത്തിയത്. മുൻവർഷത്തേതിൽനിന്നും 18 ശതമാനം വർധന. ഡിസംബർ 17 മുതൽ 21 വരെ നീണ്ടുനിന്ന വൈവിധ്യമാർന്ന ദേശീയദിന പരിപാടികളുടെ ഭാഗമായി മൂന്നര ലക്ഷത്തിലധികം പേരാണ് ഡൗൺടൗൺ സന്ദർശിച്ചത്. ഇക്കാലയളവിൽ നൂറുകണക്കിനാളുകളാണ് ട്രാം ഉപയോഗപ്പെടുത്തിയത്. മുൻവർഷത്തേക്കാളേറെ 24 ശതമാനം വർധനവാണ് ട്രാം ഉപയോക്താക്കളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.
2024ലുടനീളം ദേശീയ ആഘോഷങ്ങളുടെയും അന്തർദേശീയ പരിപാടികളുടെയും ഖത്തറിലെ പ്രധാന ഇടമായി മുശൈരിബ് ഡൗൺടൗൺ ദോഹ മാറിയെന്നും, എ.എഫ്.സി ഏഷ്യൻ കപ്പ്, റമദാൻ-ഈദ് ആഘോഷങ്ങൾ, ഖത്തർ ദേശീയദിനാഘോഷ പരിപാടികൾ, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി പരിപാടികൾക്കാണ് ഇക്കാലയളവിൽ മുശൈരിബ് വേദിയായതെന്നും മുശൈരിബ് പ്രോപ്പർട്ടീസ് കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മേധാവി ഡോ. ഹാഫിസ് അലി അബ്ദുല്ല പറഞ്ഞു.
വലിയ ആഘോഷ പരിപാടികളും സാംസ്കാരിക ഒത്തുചേരലുകളുമുൾപ്പെടെയുള്ളവക്ക് തടസ്സങ്ങളും തിരക്കുകളുമില്ലാതെ ആതിഥേയത്വം വഹിക്കാനുള്ള ഇതിന്റെ കഴിവ് സന്ദർശകരെ കൂടുതൽ ആകർഷിച്ചതോടൊപ്പം ദോഹയുടെ മധ്യഭാഗത്തെ ഒരു സജീവകേന്ദ്രമെന്ന ഖ്യാതിയും ഡൗൺ ടൗണിന് നേടിക്കൊടുത്തിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)