ചൈനയില്‍ പൊട്ടിപ്പുറപ്പെടുന്നത് മറ്റൊരു മഹാമാരിയോ? എച്ച്എംപിവിയെകുറിച്ച് അറിയേണ്ടതെല്ലാം എന്താണ് HMPV? ലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം
2019ലാണ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന ‘ഒരു വൈറസിനെ’ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തിയത്. അന്ന് ആരും കരുതിയിരുന്നില്ല ലോകത്തെ തന്നെ നിശ്ചലമാക്കുന്ന ഒരു മഹാമാരിയായി അത് മാറുമെന്ന്. കൊവിഡ് 19 വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഭീതി പടർത്തുന്ന എച്ച്എംപിവിയെ കുറിച്ച് കൂടുതല്‍ അറിയാം,
എന്താണ് HMPV?
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.
ലക്ഷണങ്ങള്‍
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് സമാനമാണ് എച്ച്എംപിവിയുലെ ലക്ഷണങ്ങള്‍. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാം. എച്ച്എംപിവിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളുടെ കാലയളവ് നീണ്ടുനില്‍ക്കും.
HMPV വ്യാപനം
മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേതിന് സമാനമാണ് എച്ച്എംപിവി രോഗവ്യാപനം. രോഗം പകരുന്നത് പ്രധാനമായും ഈ മാര്‍ഗങ്ങളിലൂടെയാണ്,
ചുമക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ
കൈ കൊടുക്കുന്നത് പോലുള്ള അടുത്തിടപഴകലിലൂടെ രോഗം പകരാം
വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുകയും അതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുകയോ ചെയ്യുന്നതിലൂടെ രോഗം പകരാം
HMPV-യുടെ അപകടസാധ്യത
സിഡിസി റിപ്പോര്‍ട്ട് അനുസരിച്ച് താഴെ പറയുന്ന വിഭാഗങ്ങളില്‍ രോഗം അപകടസാധ്യത വര്‍ധിപ്പിച്ചേക്കാം,
കുട്ടികള്‍
പ്രായമായവര്‍
രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍
എപ്പോഴാണ് ചികിത്സ തേടേണ്ടത്?
ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ അവ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണെങ്കില്‍ താമസിയാതെ തന്നെ ചികിത്സ തേടേണ്ടതാണ്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന, വിട്ടുമാറാത്ത പനിയാണെങ്കില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
രോഗ പ്രതിരോധം
സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും എടുത്ത് വേണം കൈകള്‍ കഴുകാന്‍
വൃത്തിയാക്കുന്നതിന് മുമ്പ് കൈകള്‍ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
രോഗലക്ഷണങ്ങളുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക
തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക
തുടര്‍ച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളും സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക
രോഗലക്ഷണങ്ങളുണ്ടെന്ന് തോന്നുവര്‍ താമസിക്കാതെ ചികിത്സ തേടാന്‍ ശ്രദ്ധിക്കുക. മാസ്‌ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചികിത്സ
നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ചികിത്സയോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിലും സങ്കീര്‍ണതകള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വൈദ്യസഹായമാണ് നല്‍കുന്നത്.
എച്ച്എംപിവിയും കൊവിഡ് 19ഉം
കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകള്‍ എച്ച്എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പകരുന്ന രീതിയിലും രണ്ട് രോഗങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)