Posted By user Posted On

2025ലെ കായിക കലണ്ടർ പുറത്തിറക്കി ഖത്തർ

ദോഹ ∙ 2025ൽ ഖത്തർ ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടർ പ്രഖ്യാപിച്ചു. ഫിഫ അറബ് കപ്പ് ഉൾപ്പെടെ 84 കായിക മത്സരങ്ങളാണ് ഖത്തറിൽ അരങ്ങേറുക. 15 ഗ്ലോബൽ കായിക മത്സരങ്ങൾ ഉൾപ്പെടെയാണ് ഈ വർഷം സംഘടിപ്പിക്കുന്ന 84 മത്സരങ്ങളുടെ പട്ടിക ഖത്തർ ഒളിംപിക് കമ്മിറ്റി പുറത്തുവിട്ടത്. ഫിഫ അറബ് കപ്പ് ഡിസംബർ 1 മുതൽ 18 വരെ ദോഹയിൽ നടക്കും. 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളാണ് ഫിഫ അറബ് കപ്പിന് വേദിയാവുക. ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ്, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് തുടങ്ങിയ കായിക ലോകം ഉറ്റുനോക്കുന്ന നിരവധി മത്സരങ്ങൾക്കും ഈ വർഷം ഖത്തർ സാക്ഷിയാവും. മേയ് 17 മുതൽ 27 വരെയാണ് ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ് നടക്കുക. നവംബർ 5 മുതൽ 27 വരെ 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളിലായി ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മത്സരവും ദോഹയിൽ അരങ്ങേറും. ഖത്തർ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്‍റോടുകൂടിയാണ് ഈ വർഷത്തെ കായിക മാമാങ്കത്തിന് ഖത്തറിൽ തുടക്കമാവുക.

പ്രാദേശികമായ 12 മത്സരങ്ങളും ഗൾഫ് രാജ്യങ്ങൾ മാറ്റുരക്കുന്ന ആറ് മത്സരങ്ങളും, അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു മത്സരവും ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 14 മത്സരവും ഖത്തറിൽ ഈ വർഷം നടക്കും. കൂടാതെ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ രാജ്യങ്ങളിലുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കും ഖത്തർ സാക്ഷിയാവും. ഫുട്ബോൾ, ടെന്നീസ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, കുതിരയോട്ടം, ജിംനാസ്റ്റിക്സ്, സ്ക്വാഷ്, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി വിവിധ മത്സരങ്ങൾക്ക് 2025ൽ ഖത്തർ വേദിയൊരുക്കും.

കായിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകുന്ന ഖത്തറിൽ ഈ വർഷത്തെ ദേശീയ കായിക ദിനം ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയായ ഫെബ്രുവരി 11ന് നടക്കും. ഖത്തർ ഒളിംപിക് കമ്മറ്റിയുടെ നേതൃത്വത്തിലും, വിവിധ കായിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും വ്യത്യസ്തങ്ങളായ കായിക മത്സരങ്ങളാണ് ദേശീയ കായിക ദിനത്തിൽ നടക്കുക. ഇന്ത്യൻ പ്രവാസി സംഘടനകളും ദേശീയ കായിക ദിനം പ്രമാണിച്ച് ഒട്ടനവധി കായിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ദേശീയ കായിക ദിനം ഖത്തറിൽ പൊതുഅവധി ദിനം കൂടിയാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *