ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുംപ്രയോജനം; മെട്രോ ഇനി നേരത്തേ ഓടിത്തുടങ്ങും
ദോഹ: ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനവുമായി ദോഹ മെട്രോ. ജനുവരി ഒന്ന് മുതൽ ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുടെ സമയം ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവായി. ദോഹ മെട്രോ അതിരാവിലെ അഞ്ച് മുതൽ സർവിസ് ആരംഭിക്കും. സർവിസ് അവസാനിപ്പിക്കുന്ന സമയം അർധരാത്രി ഒരു മണിവരെയായും നിശ്ചയിച്ചു.
നേരത്തേ 11.59 വരെയായിരുന്നു മെട്രോ ഓടിയത്. ശനിയാഴ്ച മുതൽ വ്യാഴം വരെയാണ് ഈ സമയം. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ സർവിസ് ആരംഭിക്കും. ഇതുവരെ ഉച്ചക്ക് രണ്ടു വരെയായിരുന്നു സർവിസ് ആരംഭിക്കുന്ന സമയം. അർധരാത്രി ഒരു മണിവരെ സർവിസ് നടത്തും. പുതിയ സമയ ക്രമീകരണ പ്രകാരം മെട്രോയുടെ സേവനം ദിവസവും 20 മണിക്കൂർ ലഭ്യമാകും. ലുസൈൽ ട്രാമും പുതുവർഷത്തിൽ പുതിയ ഷെഡ്യൂളിലേക്ക് മാറും. ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ 1.30 വരെയും. വെള്ളിയാഴ്ച രണ്ട് മുതൽ 1.30 വരെയുമാണ് സർവിസ്.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജനങ്ങളുടെ പൊതുഗതാഗത സംവിധാനങ്ങളിൽ നിർണായകമായ മെട്രോയുടെ സർവിസ് സമയം ദീർഘിപ്പിക്കാനുള്ള നീക്കം ഏറെ സ്വാഗതാർഹമാണ്. ഓഫിസുകൾ, സ്കൂൾ ഉൾപ്പെടെ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് നേരത്തേതന്നെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്താനും, റോഡിലെ ഗതാഗതത്തിരക്കിന്റെ വെല്ലുവിളി ഒഴിവാക്കാനും മെട്രോ സമയം രാവിലെ അഞ്ചു മണിയിലേക്ക് മാറ്റിയത് സഹായകമാകും. നിലവിൽ 5.30 മുതാണ് പുലർച്ചെ സർവിസ് തുടങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ സർവിസ് ആരംഭിക്കാനുള്ള നീക്കം സമൂഹ മാധ്യമങ്ങളിൽ താമസക്കാർ പരക്കെ സ്വാഗതം ചെയ്തു. അവധി ദിനത്തിൽ രാവിലെ മെട്രോ ഇല്ലാത്തത് കാരണം ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചേരാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമാണ് ഇനി ഒമ്പത് മണി മുതൽ ഓടിത്തുടങ്ങുന്ന മെട്രോ രാത്രി വൈകി ഒരുമണി വരെ ഓടും. 2019ൽ ഓടിത്തുടങ്ങിയ ദോഹ മെട്രോ ഡിസംബർ ആദ്യ വാരത്തിലാണ് 20 കോടി യാത്രക്കാർ എന്ന റെക്കോഡ് സ്ഥാപിച്ചത്. ലോകകപ്പ് ഫുട്ബാൾ മുന്നിൽ കണ്ട് നിർമാണം പൂർത്തിയാക്കിയ മെട്രോ, ലോകകപ്പോടെ ഖത്തറിലെ പൊതുജീവിതത്തിന്റെ ഭാഗമായി. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 76 കി.മീ ദൂരത്തിനിടയിൽ 37 സ്റ്റേഷനുകളിലായാണ് മെട്രോ സർവിസ് നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)