ദേശീയ ദിനം: ആഘോഷം അതിരുവിട്ടു; നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനത്തിലെ ആഘോഷം അതിരുവിട്ടതോടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.
നേരത്തെ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് ആഘോഷത്തിനിടെ അപമര്യാദയായി പെരുമാറുകയും, നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കുറ്റങ്ങൾക്കാണ് നടപടി. വിവിധ സംഭവങ്ങളിൽ 65 മുതിർന്നവരും 90 കുട്ടികളും ഉൾപ്പെടെ 155 പേരെ അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വ്യത്യസ്ത രാജ്യക്കാരാണ് അറസ്റ്റിലായത്. വിവിധ 600 വാഹനങ്ങൾ സംഭവവുമായി പിടിച്ചെടുത്തു. 65 പേരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രായപൂർത്തിയാകാത്ത 90 ഓളം കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. നിയമലംഘകർക്കെതിരെശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതു സുരക്ഷ, ക്രമസമാധാനം, ധാർമികത എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ ഇടങ്ങളിലായി കേസ് എടുത്തത്. ആഘോഷങ്ങൾക്കിടെ സോപ്പ് സ്പ്രേയും റബർ ബാൻഡും ഉപയോഗിച്ച് യാത്രക്കാരെ ഉപദ്രവിക്കുക, അപകടകരമാം വിധം വാഹനത്തിന് മുകളിൽ കയറുക, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഡോർ തുറക്കുക, സ്വന്തം ജീവനും ഒപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിൽപെടുത്തും വിധം പെരുമാറുക എന്നീ കുറ്റങ്ങളും ഗതാഗത നിയമലംഘനങ്ങളുമാണ് ചുമത്തിയത്. നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ അലങ്കരിക്കുക, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിലും വാഹനത്തിന്റെ നിറവും ആകൃതിയും മാറുന്ന രീതിയിലും അലങ്കരിക്കുക തുടങ്ങിയ നിയമലംഘനത്തിന്റെ പേരിലും നിരവധി വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
നിയമങ്ങളും പൊതു ധാർമികതയും പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശീയ ദിനാഘോഷങ്ങളിൽ ആയിരങ്ങൾ ഒത്തുചേർന്ന കതാറ കൾചറൽ വില്ലേജ് ഉൾപ്പെടെ പൊതു ഇടങ്ങളിൽ നിയമലംഘനങ്ങൾ നടന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചത്. നിരവധി സന്ദർശകർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് കതാറ സി.ഇ.ഒ ഖാലിദ് അൽ സുലൈതയും ‘എക്സ്’ പ്ലാറ്റ്ഫോം വഴി പ്രതികരിച്ചു. യുവാക്കൾക്കടിയിലെ പെരുമാറ്റ ദൂഷ്യമാണ് കതാറയിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശകർക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും, അധികാരികളുമായി സഹകരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഗുണകരമായ മൂല്യങ്ങൾ പകരാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)