ഖത്തറിന് ഇന്ന് ദേശീയദിനം; ആശംസകൾ നേർന്ന് സൗഹൃദ രാഷ്ട്രങ്ങൾ
ദോഹ: ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായി ഖത്തറിന് ഇന്ന് ദേശീയദിനം. രാജ്യത്തിന്റെ പാരമ്പര്യവും അഭിമാനവും മുറുകെപ്പിടിച്ചും അന്തർദേശീയതലത്തിലെ മികവുകൾ വിളംബരം ചെയ്തും മറ്റൊരു ഡിസംബർ 18നെ ഹൃദ്യമായി വരവേൽക്കുന്നു.
അതിരാവിലെ ദോഹ കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയദിന പരേഡ് ഇത്തവണ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും പൊലിമ കുറയുന്നില്ല. ഒരാഴ്ച മുമ്പ് തുടക്കം കുറിച്ച ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇയും കതാറയിൽ വർണവൈവിധ്യമാർന്ന ആഘോഷവും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ദേശീയദിന പരിപാടികൾ അരങ്ങേറുന്നുണ്ട്. ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺടൗൺ, ലുസൈൽ ബൊളെവാഡ് (നാല് മുതൽ രാത്രി 10 വരെ), റാസ് അബൂ അബൂദിലെ 974 ബീച്ച് (രാവിലെ എട്ട് മുതൽ രാത്രി 11 വരെ) എന്നിവടങ്ങളിലും സന്ദർശകർക്ക് ഒരുപിടി ആഘോഷങ്ങൾ കാത്തിരിക്കുന്നുണ്ട്. ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും മുതൽ വീടുകൾ, സ്കൂൾ തുടങ്ങി നഗരവീഥികളും പൊതു ഇടങ്ങളും പാർക്കുകളുമെല്ലാം അലങ്കാരങ്ങളോടെ ദിവസങ്ങൾക്കു മുമ്പുതന്നെ ദേശീയ ദിനത്തെ വരവേറ്റു കഴിഞ്ഞു.
ഷോപ്പിങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ദേശീയ ദിനത്തിന്റെ ഓഫറുകൾ പ്രഖ്യാപിച്ചും വ്യാപാരം പൊടിപൊടിക്കുകയാണ്. ദേശീയദിനം പ്രമാണിച്ച് രണ്ടു ദിവസമാണ് ഖത്തറിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം. വിവിധ സൗഹൃദ രാഷ്ട്രങ്ങൾ ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്നു. രാഷ്ട്ര നേതാക്കൾക്കും ജനങ്ങൾക്കും അഭിനന്ദനവും ആശംസയും നേരുന്നതായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അമീറിനുള്ള സന്ദേശത്തിൽ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)