
പഞ്ചസാരയ്ക്ക് നല്ല മധുരമാണ്, പക്ഷേ തരുന്ന ഫലം കയ്‌പേറിയതും;ഒഴിവാക്കിയാൽ ചർമ്മം തിളങ്ങും, ഇതാണ് കാരണം
പഞ്ചസാരയും ഉപ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത അത്രയും പ്രധാനപ്പെട്ട ഭക്ഷ്യ വസ്‌തുക്കളാണ്. എന്നാൽ മിതമായ അളവിലല്ല ഇവ ഉപയോഗിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഉപരി ദോഷമാണ് ചെയ്യുക. അതിൽ വലിയ വില്ലനാണ് പഞ്ചസാര. കാരണം പഞ്ചസാരയുടെ മധുരത്തിൽ മയങ്ങി പോയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒന്നും രണ്ടും ആരോഗ്യ പ്രശ്‌നങ്ങളല്ല. നിരവധി പ്രശ്‌നങ്ങൾ പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളിൽ ഉണ്ടാക്കും.
ആരോഗ്യ പ്രശ്‌നങ്ങളിൽ വണ്ണം കൂടുന്നതും, പ്രമേഹവും ഒക്കെയുണ്ടെങ്കിലും സൗന്ദര്യ സംരക്ഷണം നടത്തുന്നവർക്ക് ഭയം തോന്നുന്ന മറ്റൊരു കാര്യമുണ്ട് ഈ കൂട്ടത്തിൽ. അത് തടിയുടെ കാര്യം മാത്രമല്ല. നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന് കൂടി വലിയ തിരിച്ചടി നൽകുന്ന ഭക്ഷ്യ വസ്‌തുവാണ് പഞ്ചസാര എന്ന കാര്യം പലർക്കും അറിയില്ല. എന്തൊക്കെയാണ് ഈ ആരോഗ്യ പ്രശ്‌നങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം. അകലവർദ്ധക്യം കൊണ്ടുവരും: പഞ്ചസാര നിങ്ങൾക്ക് അകാല വാർദ്ധക്യത്തിന് കാരണമാകുമെന്ന് വിവിധ പഠനങ്ങൾ കാണിക്കുന്നു. കൊളാജൻ, എലാസ്‌റ്റിൻ തുടങ്ങിയ പ്രോട്ടീനുകളുമായി പഞ്ചസാര തന്മാത്രകൾ ബന്ധിപ്പിക്കുന്ന ഗ്ലൈക്കേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയാണ് ഇതിന് കാരണം. ശരിക്കും ഈ പ്രോട്ടീനുകൾ നിങ്ങളുടെ ചർമ്മത്തെ ദൃഢവും യുവത്വവും മൃദുവും നിലനിർത്തുന്നതിന് സഹായിക്കുന്നവയാണ്. എന്നാൽ ഗ്ലൈക്കേഷൻ ചുളിവുകൾക്കും ചർമ്മം തൂങ്ങുന്നതിനും ഇടയാക്കുന്നു.
മുഖക്കുരുവിന് കാരണമാവും: പഞ്ചസാര ചർമ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ മറ്റൊരു കാരണം മുഖക്കുരുവാണ്. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ വർധനവ് ഉണ്ടാക്കുന്നു. ഇത് ചർമ്മത്തിൽ എണ്ണയുടെ ഉത്പാദനം ഉയർത്തും. ഇത് ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ തടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.
ചർമ്മത്തിന്റെ മൃദുത്വം നഷ്‌ടമാവുന്നു: കൊളാജൻ, എലാസ്‌റ്റിൻ എന്നിവയിൽ പഞ്ചസാര ചെലുത്തുന്ന സ്വാധീനത്തിലൂടെ അത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ ബാധിക്കുന്നു. ഈ നാരുകൾ ചർമ്മത്തിന്റെ മൃദുത്വത്തിനും ഇലാസ്‌തികതയ്ക്കും കാരണമാവുന്നവയാണ്. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം ഇവയുടെ പ്രവർത്തനം തടയുന്നു.
സോറിയാസിസ് വരുന്നു: പഞ്ചസാരയും ചർമ്മത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു പാർശ്വഫലമാണ് സോറിയാസിസ് എന്ന രോഗാവസ്ഥ. ഇത് ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്, ഇത് ചർമ്മത്തിൽ ചുവപ്പ്, അടരുകളുള്ള പാടുകൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ സോറിയാസിസ് പോലെയുള്ള അവസ്ഥകൾ ഇല്ലാതാക്കാൻ പഞ്ചസാര ഉപയോഗം കുറയ്ക്കുക.
Comments (0)