അസദ് രാജ്യം വിട്ടു; സിറിയ പിടിച്ചടക്കിയെന്ന് വിമതര്‍
വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. വിമതസേന തലസ്ഥാനത്തു പ്രവേശിച്ച ഉടന്‍ ബാഷര്‍ അല്‍ അസദ് വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പോയതായാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സിറിയയില്‍ സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യമായതായി വിമത സൈന്യം. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. ദമസ്കസിലെത്തിയ വിമതർ അവിടുത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമായിരുന്നു. ഇതിന് പിന്നാലെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. അസ്സദ് രാജ്യം വിട്ടതോടെ സർക്കാരിന്റെ ആയുസ് ഇനി എത്ര നേരമെന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.
ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയയില്‍ പുതുയുഗമെന്ന് എച്ച്ടിഎസ് മേധാവി അല്‍ ജുലാനി പറഞ്ഞു. ഏകാധിപത്യത്തിന് അന്ത്യമായി. സിറിയ സ്വതന്ത്രമായെന്നും ഇരുണ്ട യുഗത്തിന്‍റെ അന്ത്യവും പുതുയുഗത്തിന്‍റെ തുടക്കവും ആണെന്നും അല്‍ ജുലാനി തന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു. ബാഷർ അൽ അസദ് നാടുവിട്ടതോടെ സെന്‍ട്രല്‍ ദമാസ്കസില്‍ ജനങ്ങള്‍ ഒത്തുകൂടുന്നുവെന്നും റിപ്പോര്‍ട്ട്.
സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളിച്ച് ആഘോഷമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആസ്ഥാനം ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഡമാസ്കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് നേരത്തേ അറിയിച്ചിരുന്നു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി. ഡമാസ്കസിൽ ആകെ സംഘർഷാവസ്ഥയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. പണം പിൻവലിക്കാനായി എടിഎമ്മിനു മുന്നിൽ നീണ്ട ക്യൂ ആണ്. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും കൂടുന്നു. നിരത്തുകളിൽ ഗതാഗതക്കുരുക്ക് ശക്തമായി അനുഭവപ്പെടുന്നു. എല്ലാവരും പേടിച്ചിരിക്കുകയാണെന്നാണു വിവരം. അസദിന്റെ പിതാവ് അന്തരിച്ച ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു. നൂറുകണക്കിന് സിറിയൻ സൈനികർക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. ഇക്കൂട്ടത്തിൽ 2000ത്തിൽ പരം സൈനികരുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. സിറിയയിലെ അൽ ഖായിദയുടെ ഉപ സംഘടനയാണ് ഹയാത്ത് തഹ്‌രീർ അൽ ഷംസ്. പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനായായി മുദ്രകുത്തിയിട്ടുള്ള സംഘടനയുമാണിത്. അതിനിടെ ഇതുവരെ 3.70 ലക്ഷം ജനങ്ങൾ അഭയാർഥികളായിട്ടുണ്ടെന്ന യുഎന്നിന്റെ കണക്കും പുറത്തുവന്നിരുന്നു. സിറിയൻ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു ഭീകരസംഘടനയെ അനുവദിക്കില്ലെന്ന് നിയുക്ത യുഎസ് ഡോണൾഡ് ട്രംപ് അറിയിച്ചു.
Comments (0)