Posted By user Posted On

ഉൽപന്നങ്ങൾക്ക് ഗുണനിലവാരമില്ല: ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ

ദോഹ ∙ ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനം. ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം. നിയമലംഘകർക്ക് 2 വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ ചുമത്തും. ഗുണനിലവാരമില്ലാത്ത ആഭരണങ്ങളെന്ന ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്ര പരിശോധനാ ക്യാംപെയ്ന് ആണ് അധികൃതർ തുടക്കമിട്ടിരിക്കുന്നത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരം അളക്കാൻ റീട്ടെയ്ൽ വ്യാപാരികളിൽ നിന്ന് റാൻഡം സാംപിളുകളെടുത്ത് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച കൃത്യമായ പരാതിയെ തുടർന്നാണ് പരിശോധനാ ക്യാംപെയ്ൻ തുടങ്ങിയതെന്ന് അധികൃതർ വിശദമാക്കി. ഉപഭോക്തൃ സംരക്ഷണ–അഡ്മിനിസ്ട്രേറ്റീവ് വ്യാജ നിയന്ത്രണ വകുപ്പിലെ വ്യാജ ഉൽപന്ന പ്രതിരോധ വിഭാഗമാണ് പരാതികളിൽ അന്വേഷണം നടത്തുന്നത്.

ഗുണനിലവാരമില്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപന, പ്രദർശനം, പ്രമോഷൻ, പരസ്യം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്വർണ വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഗുണനിലവാര ചട്ടങ്ങൾ പാലിക്കാതിരിക്കുക, ഉപയോഗയോഗ്യമല്ലാതാകുക, നിറം മങ്ങുക എന്നിവയാണ് ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളായി കണക്കാക്കുന്നത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 2 വർഷം വരെ തടവോ അല്ലെങ്കിൽ  3,000 മുതൽ 10 ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *