ക്രോഷെയിൽ തുന്നിയെടുത്ത ഗിന്നസ് റെക്കോഡുമായി മലയാളി വിദ്യാർഥിനി
ദോഹ: ക്രോഷെയിൽ തുന്നിയെടുത്ത ഷാളുമായി ഗിന്നസ് റെക്കോഡിന്റെ ഉയരങ്ങൾ എത്തിപ്പിടിച്ച് ഖത്തറിൽനിന്നുള്ള ഒരു മലയാളി വിദ്യാർഥിനി. ഖത്തറിലെ പ്രവാസികളായ പാലക്കാട് സ്വദേശി ഷർഫ്രാസ് ഇസ്മായിൽ, സലീല മജീദ് ദമ്പതികളുടെ മകളും കോയമ്പത്തൂരിൽ ബിരുദ വിദ്യാർഥിനിയുമായ ഈമാൻ ഷർഫ്രാസാണ് കൈത്തുന്നലിലെ മികവുമായി ഗിന്നസ് റെക്കോഡിൽ ഇടംനേടിയത്.കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നൈയിൽവെച്ച് മദർ ഇന്ത്യ ക്രോഷെ ക്വീൻസ് എന്ന കൂട്ടായ്മക്ക് കീഴിൽ നേടിയ ഗിന്നസ് റെക്കോഡ് നേട്ടത്തിലാണ് ഒരുകൂട്ടം പ്രവാസി വനിതകൾക്കൊപ്പം ഈമാനും പങ്കുചേർന്നത്.ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ക്രോഷെ തുന്നലിൽ വിദഗ്ധരായ ആയിരത്തോളം പേർ പൂർത്തിയാക്കിയ 4500ൽ ഏറെ ഷാളുകൾ ചേർത്തായിരുന്നു ലോകത്തെ ഏറ്റവും വലിയ ക്രോഷെ ഷാൾ പ്രദർശിപ്പിച്ചത്. ഇവയിൽ 25ലേറെ ഷാളുകളാണ് ഈമാന്റെ സംഭാവന.മദർ ഇന്ത്യ ക്രോഷെ ക്വീൻ ഭാഗമായ ഖത്തറിൽനിന്നുള്ള സംഘം ഗിന്നസ് റെക്കോഡുമായി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായറിനൊപ്പംജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഗിന്നസ് പരിശ്രമത്തിനുശേഷം, ഈ ഷാളുകൾ സ്തനാർബുദ ബാധിതരായവർക്ക് വിതരണം ചെയ്യുകയായിരുന്നു. എല്ലാ വർഷങ്ങളിലും വ്യത്യസ്ത ലക്ഷ്യങ്ങളുമായി മദർ ഇന്ത്യ സംഘടിപ്പിക്കുന്ന ഗിന്നസ് റെക്കോഡ് പരിശ്രമത്തിൽ ആദ്യമായാണ് ഈമാൻ പങ്കാളിയായത്.ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ 12ാം തരംവരെ പഠിച്ച ഇവർ, കഴിഞ്ഞവർഷമാണ് കോയമ്പത്തൂർ പി.എസ്.ജി.ആർ കൃഷ്ണമ്മാൾ കോളജിൽ ബി.എസ്സി കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഫാഷൻ പഠനത്തിന് ചേർന്നത്. സ്കൂൾ പഠനത്തിനിടെയാണ് യൂട്യൂബിൽനിന്ന് ക്രോഷെ തുന്നൽ രീതികൾ ഈമാൻ പഠിച്ചെടുക്കുന്നത്.ശേഷം, ഹാൻഡ്ബാഗും ഷാളും പൗച്ചും ഉൾപ്പെടെ ക്രോഷെയിൽ തുന്നിയെടുത്ത് ഈ മേഖലയിൽ ശ്രദ്ധേയമായി. അതിനൊടുവിലാണ് മദർ ഇന്ത്യയുടെ ഗിന്നസ് പരിശ്രമത്തിലും പങ്കുചേർന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15ഓളം പേരാണ് ഖത്തറിൽനിന്ന് ഇത്തവണ പങ്കാളികളായത്.
Comments (0)