Posted By user Posted On

ഖത്തറിൽ നിന്ന് സൗദിയിലേക്കു പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യചട്ടങ്ങൾ പരിഷ്കരിച്ചു

ദോഹ ∙ ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. യാത്രയ്ക്ക് മുൻപ് മെനിഞ്ചോകോക്കൽ വാക്സീൻ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് ഉംറയ്ക്കും മക്ക സന്ദർ‍ശനത്തിനും പോകുന്ന സ്വദേശി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ചട്ടങ്ങൾ പരിഷ്കരിച്ചത്.

പുതിയ തീരുമാന പ്രകാരം ഉംറയ്ക്കോ മക്ക സന്ദർശനത്തിനോ പോകുന്നവർ നിർബന്ധമായും മെനിഞ്ചോ കോക്കൽ വാക്സീൻ എടുത്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുൻപാണ് വാക്സീൻ എടുക്കേണ്ടത്. ഒരു വയസ്സിനും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ വാക്സീൻ നിർബന്ധമാണ്.

ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാത്തരം വാക്സീനുകളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ കീഴിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ പ്രത്യേകിച്ചും രോഗപ്രതിരോധത്തിനായി വാക്സീൻ എടുക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കോവിഡ്, പകർച്ചപ്പനി വാക്സീനുകളെടുക്കുന്നതും നല്ലതാണെന്ന് സൗദി മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും നിർബന്ധമല്ല. പോളിയോ വൈറസ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോളിയോ വാക്സീനും യെല്ലോ ഫീവറുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ യെല്ലോ ഫീവർ പ്രതിരോധ കുത്തിവയ്പും എടുത്തിരിക്കണമെന്നാണ് സൗദിയുടെ നിർദേശം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *