ഖത്തറിൽ കൊതുക് വ്യാപനം തടയാൻ മുന്നറിയിപ്പ്; ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ
ദോഹ ∙ ഖത്തറിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുക് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുനിസിപ്പൽ മന്ത്രാലയം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകും. അതിനാൽ, കിണറുകൾ അടച്ചുവയ്ക്കുക, ഉപേക്ഷിക്കപ്പെട്ട ബാരലുകൾ, പാത്രങ്ങൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്ന പാത്രങ്ങൾ കഴിയുന്നത്ര തവണ വൃത്തിയാക്കുകയും വെള്ളം മാറ്റി നിറയ്ക്കുകയും ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. നീന്തൽക്കുളങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതും പ്രധാനമാണ്. ടാപ്പുകളിൽ നിന്നോ എയർ കണ്ടീഷണറുകളിൽ നിന്നോ അലങ്കാര ചെടികളിൽ നിന്നോ പുറത്തുവരുന്ന വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകും. ഇത് പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഖത്തറിൽ ശൈത്യകാലത്തിന്റെ തുടക്കത്തിൽ പതിവുള്ള മഴ പലപ്പോഴും കൊതുക് പ്രജനനം വർധിപ്പിക്കുന്നതിന് കാരണമാകും. എവിടെയെങ്കിലും ജലം അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 184-ൽ റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പൽ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)