Posted By user Posted On

ഖത്തറിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി ഹോം സ്കൂൾ ആരംഭിച്ച് ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ

ദോഹ: ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഖത്തറിൽ സിബിഎസ്ഇ സിലബസിൽ ഹോം സ്കൂൾ ആരംഭിക്കുമെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പലകാരണങ്ങളാൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോം സ്കൂൾ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി ഖത്തർ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സിബിഎസ്ഇ യിൽ നിന്നും അനുമതി ലഭിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. പല കാരണങ്ങളാൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും. ഹോം സ്കൂളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള റജിസ്ട്രേഷൻ സ്കൂൾ വെബ്സൈറ്റ് വഴി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.ആറാം ക്ലാസ് പൂർത്തിയാക്കിയവരോ അല്ലെങ്കിൽ 12 വയസ്സ് പൂർത്തിയായ കുട്ടികൾക്കോ ഹോം സ്കൂളിൽ പ്രവേശനം ലഭിക്കും . ഈ കുട്ടികൾ കുറഞ്ഞത് ഒരു വർഷമെങ്കിലും പഠനം തടസ്സപ്പെട്ടവരായിരിക്കണം. ഇന്ത്യൻ പൗരത്വവും ഖത്തറിൽ താമസ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമാണ് ഹോം സ്കൂളിൽ പ്രവേശനം ലഭിക്കുകയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സിബിഎസ്ഇ സിലബസ് അനുസരിച്ച് ആയിരിക്കും ക്ലാസുകൾ നടക്കുക.ഹോം സ്കൂളിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ, വർക്ക് ഷീറ്റുകൾ, റജിസ്ട്രേഷൻ എന്നിവ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കും. ഓൺലൈനായിരിക്കും പഠന വിഭവങ്ങൾ വിതരണം ചെയ്യുക. സംശയ ദുരീകരണത്തിനായി ഓൺലൈൻ സെഷനുകൾ സംഘടിപ്പിക്കും. സ്കൂളിന്റെ സുപ്രധാനമായ മത്സര പരിപാടികളിൽ ഹോം സ്കൂൾ വിദ്യാർത്ഥികൾക്കും സാധ്യമാകുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഹോം സ്കൂളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ വേണമെങ്കിൽ റഗുലൽ സ്കൂൾ സിസ്റ്റത്തിലേക്ക് മാറാനും സാധിക്കും.ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് മാത്രമാണ് ഇപ്പോൾ അനുമതി ലഭിച്ചതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ശാന്തിനികേതന് ഇന്ത്യൻ സ്കൂളിന് കീഴിൽ നടക്കുന്ന, റഗുലർ ഈവനിങ് ബാച്ചുകൾക്ക് പുറമെയാണ് ഹോം സ്കൂൾ കൂടി ആരംഭിക്കുന്നത്. വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജിങ് ഡയറക്ടർ കെ സി അബ്ദുല്ലത്തീഫ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പാൾ റഫീഖ് റഹീം എന്നിവർ പങ്കെടുത്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *