1000 രൂപ നിക്ഷേപിച്ച് എത്ര വർഷംകൊണ്ട് കോടികൾ സമ്പാദിക്കാം? എസ്ഐപിയെക്കുറിച്ച് അറിയേണ്ടതെല്ലാം
ദീർഘകാലത്തേക്ക് മികച്ച റിട്ടേൺസ് നൽകുന്ന നിക്ഷേപ സാധ്യതകൾ തിരയുന്ന നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. നിങ്ങൾക്ക് ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടുകളുടെ ഒരു സ്കീമിൽ കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കാം. ഒരോ മാസത്തിലും മൂന്ന് മാസത്തിലൊരിക്കലുമൊക്കെ പണം ഇത്തരത്തിൽ അടയ്ക്കാൻ എസ്ഐപിയിൽ സാധിക്കും. എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈ തുക ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്കിന് സ്ഥിരമായ നിർദ്ദേശം നൽകാമെന്നതിനാൽ ഇത് കൂടുതൽ സൗകര്യപ്രദമാണ്. വിപണികളിലെ ചാഞ്ചാട്ടത്തെയും സമയത്തെയും കുറിച്ച് ആകുലപ്പെടാതെ അച്ചടക്കത്തോടെ നിക്ഷേപം നടത്താൻ സഹായിക്കുന്നതിനാൽ എസ്ഐപി അതിവേഗം ഒരു ജനപ്രിയ നിക്ഷേപ രീതിയായി വളർന്നും. നിങ്ങൾ എസ്ഐപി വഴി സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ, ചെറിയ പ്രതിമാസ തവണകളിലൂടെ നിങ്ങൾക്ക് ഒരു വലിയ സമ്പാദ്യം സൃഷ്ടിക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾ എല്ലാ മാസവും 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം ഒരു കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കാൻ കഴിയും. അതുപോലെ, 3000 രൂപയുടെയും 5000 രൂപയുടെയും പ്രതിമാസ എസ്ഐപികളും കാലക്രമേണ ഒരു കോടി രൂപയെന്ന ലക്ഷ്യം കൈവരിക്കാൻ നിങ്ങളെ സഹായിക്കും. അത്തരത്തിൽ നിങ്ങളുടെ നിക്ഷേപം പ്രതിമാസം 1000, 3000, 5000 രൂപ ആണെങ്കിൽ ഒരു കോടി രൂപ സമ്പാദ്യത്തിലെത്താൻ എത്ര കാലമെടുക്കുമെന്ന് കണക്കുകൂട്ടി നോക്കാം.ഒരു നിക്ഷേപകൻ 35 വർഷത്തേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുകയും 14 ശതമാനം വാർഷിക വരുമാനം നേടുകയും ചെയ്താൽ, മുൻകാലങ്ങളിൽ വിവിധ സ്കീമുകൾ കാണിച്ച ആദായം കണക്കിലെടുക്കുമ്പോൾ, മൊത്തം 1.12 കോടി രൂപയുടെ കോർപ്പസ് ഉണ്ടാക്കാം. 35 വർഷത്തെ ആകെ നിക്ഷേപം 4,20,000 രൂപയാണ്. എന്നാൽ കോമ്പൗണ്ടിംഗ് പലിശയുടെ കരുത്തിൽ റിട്ടേൺസ് ലഭിക്കുക 1,08,12,486. ആകെ റിട്ടേൺസ് 1,12,32,486 രൂപയുമായിരിക്കും.അതേസമയം, 3000 രൂപ വെച്ച് പ്രതിമാസം നിക്ഷേപിക്കാൻ സാധിക്കുന്നവരാണ് നിങ്ങളെങ്കിൽ 27 വർഷംകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു കോടി രൂപയുടെ സമ്പാദ്യത്തിലെത്താൻ സാധിക്കും. 14 ശതമാനം റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപമാണ് നിങ്ങളുടേതെങ്കിൽ പലിശ ഇനത്തിൽ ലഭിക്കുക 99,19,599 ആയിരിക്കും. ആകെ നിക്ഷേപം 9,72,000 രൂപയും. ആകെ സമ്പാദ്യം 1,08,91,599 രൂപയായിരിക്കും.പ്രതിമാസം 5000 രൂപ എസ്ഐപി നിക്ഷേപം നടത്താൻ സാധിച്ചാൽ വെറും 23 വർഷംകൊണ്ട് തന്നെ ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. 5000 രൂപ നിക്ഷേപം 23 വർഷം ആകുമ്പോൾ 13,80,000 രൂപയാകുകയും 14 ശതമാനം റിട്ടേൺസിൽ 88,37,524 രൂപ പലിശ ഇനത്തിൽ മാത്രം ലഭിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ, 23 വർഷം കൊണ്ട് ആകെ സമ്പാദ്യം 1,02,17,524 രൂപയാകും.
Comments (0)