ദോഹ സുസ്ഥിരതയിലൂന്നിയ വികസന മാതൃകയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
ദോഹ: ദോഹ നഗരത്തിന്റെ സുസ്ഥിരതയിലൂന്നിയ വികസന മാതൃകക്ക് അന്താരാഷ്ട്ര അംഗീകാരം. നഗര വികസന നയങ്ങളും ആക്ഷൻ പ്ലാനുകളുമായി മാതൃകാ സുസ്ഥിര നഗരമായി മാറിയതിനുള്ള ഷാങ്ഹായ് ഗ്ലോബൽ പുരസ്കാരമാണ് ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയെ തേടിയെത്തിയത്.
ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയം അർബൻ പ്ലാനർ അബ്ദുൽറഹ്മാൻ അൽ മന പുരസ്കാരം ഏറ്റുവാങ്ങി. ലോക നഗര ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഈജിപ്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഈജിപ്ത് പ്രാദേശിക വികസന മന്ത്രി ഡോ. മനാൽ അവാദ്, യു.എൻ അസി. സെക്രട്ടറി ജനറൽ അന്ന ക്ലോഡിയ റോസ്ബാച് എന്നിവർ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള 54ഓളം നഗരങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര നഗര വികസന പദ്ധതികളും പുതിയ നഗര അജണ്ടകളും നടപ്പിലാക്കുന്ന പട്ടണങ്ങൾക്കാണ് യു.എന്നും ഷാങ്ഹായ് സിറ്റിയും ചേർന്ന് ഗ്ലോബൽ പുരസ്കാരം ഏർപ്പെടുത്തിയത്.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായി നഗര വികസന പദ്ധതികൾക്ക് നേരത്തെയും ദോഹയെ തേടി വിവിധ അന്താരാഷ്ട്ര പുരസ്കാരങ്ങൾ എത്തിയിരുന്നു. 2021ൽ യുനെസ്കോ ക്രിയേറ്റിവ് സിറ്റി ഡിസൈൻ, ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി, യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക് ഓഫ് ലേണിങ് സിറ്റി തുടങ്ങിയ പുരസ്കാരങ്ങളും നേടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)