നിങ്ങള് ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? എങ്കില് അപകടം, എത്രയും വേഗം മാറ്റിക്കോളൂ
വീടുകളിൽ ഏറ്റവും സ്ഥലവിസ്തൃതി കുറഞ്ഞതും വായുസഞ്ചാരം താരതമ്യേന കുറവുള്ളതുമായ ഇടങ്ങൾ ബാത്റൂമുകൾ ആയിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം മൂലം ഈർപ്പം തങ്ങിനിൽക്കുകയും പായലും പൂപ്പലും പടരുന്നതും പതിവാണ്. അസുഖങ്ങൾ പിടിപെടാതിരിക്കാൻ ബാത്റൂമുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ അതുകൊണ്ട് മാത്രമായില്ല. ബാത്റൂമുകളിൽ എന്തൊക്കെ സാധനങ്ങൾ വയ്ക്കണമെന്നതും എന്തൊക്കെ ഒഴിവാക്കണം എന്നതും പ്രധാനമാണ്.
അധികമായി ടവ്വലുകൾ സൂക്ഷിക്കുന്നത്
പതിവ് ഉപയോഗത്തിനുള്ള ടർക്കികളും ടവ്വലുകളും ബാത്റൂമിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. ഓരോ ഉപയോഗത്തിനു ശേഷവും കഴുകി ഉണക്കി വേണം ഇവ വയ്ക്കുവാൻ. എന്നാൽ അധികമുള്ളതോ അതിഥികൾക്കായി മാറ്റിവച്ചിരിക്കുന്നതോ ആയ ടവ്വലുകളും തോർത്തുകളും ബാത്റൂമിൽ പതിവായി സൂക്ഷിക്കുന്നത് നല്ല പ്രവണതയല്ല. മടക്കി വച്ച നിലയിൽ ഉപയോഗിക്കാതെ കൂടുതൽ ദിവസങ്ങൾ ഇവ ബാത്റൂം സ്റ്റോറേജുകളിൽ സൂക്ഷിക്കുന്നത് മൂലം പൂപ്പൽ പിടിപെടാൻ സാധ്യത ഏറെയാണ്. ബാത്ത് മാറ്റുകൾ, ഷവർ കർട്ടനുകൾ തുടങ്ങിയവരുടെ കാര്യത്തിലും ഇത് ബാധകമാണ്. ബാത്റൂമിന് വെളിയിൽ ഒരു ചെറിയ കബോർഡ് ഒരുക്കി ഇവ സൂക്ഷിക്കുന്നതാവും ഉചിതം.
ടോയ്ലറ്ററികൾ
പേപ്പർ ടവ്വലുകൾ, ടോയ്ലറ്റ് പേപ്പറുകൾ തുടങ്ങിയവയുടെ അധിക റോളുകൾ തുറന്നനിലയിൽ ബാത്റൂമിനുള്ളിൽ സ്റ്റോർ ചെയ്യാൻ പാടില്ല. പൂപ്പലും പൊടിയും ബാക്ടീരിയയും പിടികൂടാനുള്ള സാധ്യത ഏറെയാണ്. അധികമായി വാങ്ങുന്ന സോപ്പുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നവരാണ് ഏറെയും. എന്നാൽ ചൂടും ഈർപ്പവും അധികമുള്ള സ്ഥലമായതിനാൽ പായ്ക്കറ്റിനുള്ളിലാണെങ്കിൽ പോലും അവ വേഗത്തിൽ അലിയാൻ സാധ്യതയുണ്ട്. ഷേവിങ് ക്രീമുകൾ, റേസറുകൾ, റീപ്ലേസ്മെൻ്റ് ബ്ലേഡുകൾ തുടങ്ങിയവ ഈർപ്പമേറ്റ് തുരുമ്പിക്കും എന്നതിനാൽ അവയും ബാത്റൂമിന് പുറത്ത് സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തണം.
ജ്വല്ലറി
കുളി കഴിഞ്ഞശേഷം വേഗത്തിൽ ധരിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ജ്വല്ലറികൾക്ക് ബാത്റൂമിൽ സ്ഥലം നീക്കിവയ്ക്കുന്നവരുണ്ട്. വായു സഞ്ചാരമില്ലാതെ നനവ് തങ്ങിനിൽക്കുന്ന ഇടമായതിനാൽ ജ്വല്ലറി സെറ്റുകളുടെ നിറം വേഗത്തിൽ മങ്ങി പോകാനും തുരുമ്പിക്കാനും കാരണമാകും. അതിനാൽ അവ ബെഡ്റൂമുകളിൽ അടച്ചുറപ്പുള്ള ബോക്സുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ
ഇലക്ട്രോണിക് ഉപകരണങ്ങൾ മെറ്റലിൽ നിർമ്മിക്കപ്പെടുന്നു എന്നതിനാൽ അവ ബാത്റൂമുകളിൽ സൂക്ഷിക്കരുത്. ഈർപ്പമേറ്റ് ഉപകരണങ്ങൾ വേഗത്തിൽ തുരുമ്പെടുത്ത് പോകും. വെള്ളം വീഴുന്ന സാഹചര്യമുണ്ടെങ്കിൽ ഉപകരണങ്ങൾ കേടാകും. ഷോട്ട് സർക്യൂട്ടിനും ഇത് കാരണമായേക്കാം. ഇലക്ട്രിക് ടൂത്ത് ബ്രഷ്, ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയവ ബാത്റൂമിൽ വയ്ക്കണമെന്ന് നിർബന്ധമാണെങ്കിൽ വാട്ടർപ്രൂഫ് ഉത്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
മേക്കപ്പ് സാധനങ്ങൾ
ബാത്റൂമിനുള്ളിൽ മേക്കപ്പ് ചെയ്യുന്നവരാണ് അധികവും. അതിനാൽ മേക്കപ്പ് സാധനങ്ങൾ ബാത്റൂം ക്യാബിനറ്റുകളിൽ സൂക്ഷിക്കുകയും ചെയ്യും. എന്നാൽ ഈർപ്പവും ബാത്റൂമിനുള്ളിലെ താപനിലയിലെ വ്യത്യാസവും മൂലം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഗുണനിലവാരം കുറയാൻ സാധ്യതയുണ്ട്. മേക്കപ്പ് ഉത്പന്നങ്ങളിൽ ബാക്ടീരിയകൾ കടന്നു കൂടുകയും തന്മൂലം ചർമപ്രശ്നങ്ങൾ ഉണ്ടായെന്നുംവരാം. പതിവായി ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ ബാത്റൂമിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി അടച്ച് പ്രത്യേക ബാഗുകളിലാക്കി സൂക്ഷിക്കുക. പതിവ് ഉപയോഗത്തിന് അല്ലാത്തവ ബാത്റൂമിൽ നിന്നും പൂർണമായും ഒഴിവാക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)