ഇനി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഖത്തറിലേക്ക്
ദോഹ: ജി.സി.സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ് ഖത്തറിലേക്ക്. നെസ്റ്റോ കൊമേഴ്സ്യൽ അവന്യൂ ഹൈപ്പർമാർക്കറ്റുമായാണ് ഖത്തറിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.
രണ്ടു നിലകളിലായി 180,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് 2025 ആദ്യ പാദത്തിൽ ഉപഭോക്താക്കൾക്കായി സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശാലമായ ഉൽപന്നങ്ങളുടെ ശ്രേണിയിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് നെസ്റ്റോയുടെ വരവ്.
ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ നെസ്റ്റോ ഗ്രൂപ് പ്രോജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മേധാവി സന്ദീപ് രാജഗോപാൽ, കൊമേഴ്സ്യൽ അവന്യൂ സി.ഇ.ഒ അബ്ദുല്ല അബ്ദുൽ റസാഖ് ഹൈദർ എന്നിവർ കാരറിൽ ഒപ്പുവെച്ചു.
കൊമേഴ്സ്യൽ അവന്യൂ ചെയർമാൻ ഫഹദ് അബ്ദുൽ ലത്തീഫ് അൽ ജഹ്രാമി, നെസ്റ്റോ ഗ്രൂപ് ഫിനാൻസ് കൺട്രോളർ ഷറഫുദ്ദീൻ, നെസ്റ്റോ ഗ്രൂപ് ബയിങ് മേധാവി റാഷിദ് അരാമം, എക്സിക്യൂട്ടിവ് ഓഫിസർ പ്രോജക്ട്സ് മുഹമ്മദ് നിസാർ, കൊമേഴ്സ്യൽ അവന്യൂ സെയിൽസ് മേധാവി അഹ്മദ് തല്ലാത് അൽബന്ന, പ്രോപ്പർട്ടി മാനേജർ നാസ്സർ അൽ ഇമാദി എന്നിവർ പങ്കെടുത്തു.
20ാമത് വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഖത്തറിലേക്കും നെസ്റ്റോ ചുവടുവെക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഖത്തറിൽ 200 കോടി റിയാൽ നിക്ഷേപമാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം പത്തോളം ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിൽ നാല് പ്രോജക്ടുകൾ ഇതിനകം തന്നെ സജ്ജമായി. 2026 ഓടുകൂടി അവ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)