Posted By user Posted On

മുട്ട ചേർത്ത കാപ്പിയോ? കളിയാക്കാൻ വരട്ടെ, ഗുണങ്ങൾ ചില്ലറയല്ല; ഇത് സൂപ്പർ ഹെൽത്തി കോഫി!

കാപ്പി ഇഷ്ടമുള്ളവരുണ്ട്‌. മുട്ട ഓംലൈറ്റായും ബുള്‍സൈയായും പുഴുങ്ങിയുമൊക്കെ രസിച്ച്‌ കഴിക്കുന്നവരുമുണ്ട്‌. എന്നാല്‍ ഇവ രണ്ടും ചേരുന്ന സ്വാദിഷ്ടവും ആരോഗ്യകരവുമായ പാനീയമാണ്‌ സ്വീഡിഷ്‌ എഗ്‌ കോഫി. ഏതോ യൂടൂബറുടെ പുതിയ പരീക്ഷണമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ വരട്ടെ. സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച്‌ വരുന്ന ഈ തനത്‌ കാപ്പിക്ക്‌ ലോകമെങ്ങും ഇപ്പോള്‍ ആരാധകരുണ്ട്‌. അമേരിക്കയുടെ മധ്യ, പശ്ചിമ ഭാഗങ്ങളിലേക്ക്‌ കുടിയേറി വന്ന സ്‌കാന്‍ഡിനേവിയക്കാരാണ്‌ ഈ എഗ്‌ കോഫിക്ക്‌ പ്രചാരം നല്‍കിയത്‌. ലുഥെറന്‍ ചര്‍ച്ച്‌ പരിപാടികള്‍ക്ക്‌ വ്യാപകമായി ഉപയോഗിച്ചിരുന്നതിനാല്‍ ചര്‍ച്ച്‌ ബേസ്‌മെന്റ്‌ കോഫി എന്നും ഇതിനെ വിളിച്ചു പോരുന്നു.
മുട്ട കാപ്പിയെ കൂടുതല്‍ തെളിയിക്കുമെന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫിക്ക്‌ സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. കൂടുതല്‍ തെളിവാര്‍ന്ന ഈ കാപ്പി അസിഡിറ്റിയും കുറയ്‌ക്കും. മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ കാപ്പി നല്‍കുന്നതായി ഡയറ്റീഷ്യന്മാര്‍ പറയുന്നു. വിശപ്പ്‌ നിയന്ത്രിക്കാനും ശരീരത്തിന്‌ ഊര്‍ജ്ജമേകാനും ഇത്‌ സഹായിക്കും. ജാഗ്രതയും ശാരീരിക ക്ഷമതയും വര്‍ധിപ്പിക്കുന്ന കാപ്പിയുടെ ഗുണങ്ങള്‍ മുട്ടയുമായി ചേരുന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫി നല്ലൊരു പ്രീ വര്‍ക്ക്‌ ഔട്ട്‌ ഡ്രിങ്കാണെന്ന്‌ ഡയറ്റീഷ്യനും ഡയബറ്റീസ്‌ എജ്യുക്കേറ്ററുമായ കനിക മല്‍ഹോത്ര ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആന്റിഓക്‌സിഡന്റുകള്‍ സമൃദ്ധമായി അടങ്ങിയ കാപ്പിയുടെ കൂടി മുട്ട കൂടിയെത്തുന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫിയുടെ പോഷക മൂല്യവും അധികമാണ്‌. സാധാരണ കാപ്പിയേക്കാല്‍ കാലറി കൂടുതലായതിനാല്‍ മിതമായ തോതില്‍ വേണം സ്വീഡിഷ്‌ എഗ്‌ കോഫി കുടിക്കാനെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ ഈ കാപ്പി ഒഴിവാക്കേണ്ടതാണ്‌. മുട്ട ശരിയായി പാകം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യത പരിഗണിച്ചാണ്‌ ഇത്‌. മുട്ട അലര്‍ജിയുള്ളവരും സ്വീഡിഷ്‌ എഗ്‌ കോഫി ഒഴിവാക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *