ഖത്തറിലെ ഖോർ അൽ ഉദൈദിൽ പരിസ്ഥിതി പഠനവുമായി മന്ത്രാലയം
ദോഹ: ടൂറിസം മേഖലയിൽ ഖത്തറിന്റെ അഭിമാനമായ ഖോർ അൽ ഉദൈദിലെ ഉൾനാടൻ കടൽ സമ്പത്തും തീരദേശ മണൽത്തീരങ്ങളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ വിലയിരുത്തുന്നതിന് സമഗ്ര പരിസ്ഥിതി പഠനം നടത്തി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പ്രദേശത്തെ സമുദ്രജല ഗുണനിലവാരം പരിശോധിക്കുന്നതും പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ പരിശോധനക്കായി ജല സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു.
പ്രാഥമിക പഠനത്തിൽ കടൽ പുൽമേടുകളുടെയും നിരവധി കണ്ടൽ മരങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. കൂടാതെ പ്രദേശത്ത് വിവിധതരം കടൽ ജീവികളെയും തീരത്തിനടുത്ത് ഉപരിതല മത്സ്യങ്ങളുടെ സാന്നിധ്യവും വിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. കാൽപാടുകളടക്കം വന്യജീവികളുടെയും പക്ഷികളുടെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഖോർ അൽ ഉദൈദിലെ സമുദ്രജല ഗുണനിലവാരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് മന്ത്രാലയം ലബോറട്ടറി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്തുന്നതിലും മലിനീകരണം കണ്ടെത്തുന്നതിലും സുസ്ഥിര പാരിസ്ഥിതിക മാനേജ്മെന്റിനെ പിന്തുണക്കുന്നതിലും ഈ വിശകലനവും പരിശോധനയും നിർണായക പങ്ക് വഹിക്കും. അതോടൊപ്പം സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടുന്നതിനും സഹായിക്കുന്നു.
ഖോർ അൽ ഉദൈദിലെ സമുദ്ര ആവാസവ്യവസ്ഥക്കും തീരദേശ മണൽത്തീരങ്ങൾക്കും ഇടയിലുള്ള പാരിസ്ഥിതിക പരസ്പരാശ്രിതത്വം കാരണം സംയുക്ത ഇടപെടലിന്റെ പ്രാധാന്യവും പഠനം ചൂണ്ടിക്കാട്ടി. ദോഹയിൽനിന്ന് തെക്ക് 78 കിലോമീറ്ററോളം ദൂരെയാണ് ‘ഇൻലാൻഡ് സീ’ എന്നറിയപ്പെടുന്ന ഖോർ അൽ ഉദൈയ്ദ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)