വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിട്ടു. റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന് ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്തും.
കൂടാതെ എന്‍ജിഒ ആയ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കും. എന്‍ആര്‍ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എന്‍ആര്‍ഐ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എന്‍ആര്‍ഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)