ഗാസ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പ്രോജക്ടുമായി ഖത്തർ
ദോഹ: ഗസ്സയിൽനിന്നുള്ള വിദ്യാർഥികൾക്കായി റോബോട്ടിക്സിലേക്കും സാങ്കേതിക വിദ്യകളിലേക്കും വെളിച്ചം പകർന്ന് ഖത്തർ നാഷനൽ മ്യൂസിയം. നിർമിതബുദ്ധി വാഴുന്ന ലോകത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമായ ഗസ്സയിൽനിന്നുള്ള കുട്ടികൾക്കും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന, കുടുംബ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ഖത്തർ നാഷനൽ മ്യൂസിയത്തിലെ എ.ഐ ഡിജിറ്റൽ സെന്റർ പദ്ധതിക്ക് തുടക്കം കുറിച്ചത്.
13 മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യയിലെയും റോബോട്ടിക്സിലെയും ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പദ്ധതി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതായി സംഘാടകർ പ്രസ്താവനയിൽ വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം (എസ്.ടി.ഇ.എം) കഴിവുകൾ ഉപയോഗപ്പെടുത്തി അടുത്ത തലമുറയെ സാങ്കേതികമേഖലയിൽ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽ ഥാനി പറഞ്ഞു. തുടക്കത്തിൽ ഗസ്സ വിദ്യാർഥികൾക്കായി മാത്രം രൂപകൽപന ചെയ്തതാണെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)