ഡേറ്റ സുരക്ഷയിൽ വീഴ്ച; സ്ഥാപനത്തിന് ഒന്നര ലക്ഷം ഡോളർ പിഴ ചുമത്തി ഖത്തർ ഫിനാൻഷ്യൽ സെന്റർ
ദോഹ ∙ ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ സ്ഥാപനത്തിന് ഒന്നര ലക്ഷം ഡോളർ പിഴ ചുമത്തിയതായി ഖത്തർ ഫിനാൻഷ്യൽ സെന്ററിന് കീഴിലെ ഡേറ്റ പ്രൊട്ടക്ഷൻ ഓഫിസ് അറിയിച്ചു. സ്ഥാപനം സ്വകാര്യമായി സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങൾ ചോർന്നു എന്നതിന്റെ പേരിലാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.ഡേറ്റ ചോർച്ചയുടെ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും, ഡേറ്റകൾ സൂക്ഷിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സ്ഥാപനത്തിന് സാധിച്ചില്ല എന്നതും വലിയ വീഴ്ചയായി ഖത്തർ ഫിനാൻഷ്യൽ സെന്റർ വിലയിരുത്തി. ഇത് 2021 ലെ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷന്റെ കടുത്ത ലംഘനമാണ്. ഡേറ്റ നിയമലംഘനത്തിന്റെ പേരിൽ ഖത്തറിൽ ആദ്യമായി സ്വീകരിക്കുന്ന വലിയ നടപടിയാണ് ഇത്. ശക്തമായ ഡേറ്റ പരിരക്ഷ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർ അധികൃതർ വ്യക്തമാക്കി.
ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്ഥാപനം പൂർണ സഹകരണം നൽകിയതിനാലും ഡേറ്റ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥാപനം തയാറായതിനാലും കടുത്ത നടപടികളിൽ നിന്നും സ്ഥാപനത്തെ ഒഴിവാക്കുകയായിരുന്നു.
ഖത്തറിന്റെ വ്യവസായ വാണിജ്യ സംവിധാനത്തിൽ വിശ്വാസവും ആത്മവിശ്വാസവും വളർത്തുന്നതിന് ഡേറ്റ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് ക്യുഎഫ്സിയുടെ ഡേറ്റ പ്രൊട്ടക്ഷൻ ഓഫിസ് കമ്മിഷണർ ഡാനിയൽ പാറ്റേഴ്സൺ പറഞ്ഞു. ഈ രംഗത്ത് ഉണ്ടാകുന്ന ഓരോ വീഴ്ചയും ഗൗരവത്തിൽ കാണുമെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പിഴ ചുമത്തപ്പെട്ട സ്ഥാപനത്തിന്റെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)