ഖത്തറില് തണുപ്പെത്തി; ഇനി ക്യാമ്പിങ് ഒരുക്കം, നിരക്ക് അറിയണ്ടേ?
ദോഹ: ചൂടുകാലം മാറി മരുഭൂ മണ്ണ് തണുത്ത് തുടങ്ങിയതോടെ ശൈത്യകാല ക്യാമ്പിങ് സീസണിന്റെ തയാറെടുപ്പുകളും തുടങ്ങി. 2024-2025 ക്യാമ്പിങ് സീസണിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒക്ടോബർ 15ന് തുടക്കം കുറിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. നവംബർ അഞ്ചു വരെയാണ് രജിസ്ട്രേഷൻ. ക്യാമ്പിങ് സീസൺ നവംബർ അഞ്ചിന് ആരംഭിച്ച് 2025 ഏപ്രിൽ 30ന് അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.പുതിയ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രാലയം വിശദീകരിച്ചു. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന രജിസ്ട്രേഷൻ നടപടികൾക്കൊടുവിൽ നവംബർ ആദ്യത്തോടെ 2024-2025 ശൈത്യകാല ക്യാമ്പിങ് സീസണ് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വകുപ്പ് മേധാവി മുഹമ്മദ് അഹ്മദ് അൽ ദാഹി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന മന്ത്രിതല സമിതി യോഗത്തിൽ ശൈത്യകാല ക്യാമ്പ് അനുവദിക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ഇതുപ്രകാരം വിവിധ ഫീസുകളിൽ ഇളവും പ്രഖ്യാപിച്ചു. കരയോ, കടലോ, പ്രകൃതി സംരക്ഷണ കേന്ദ്രമോ ആയാലും ഫീസ് 10,000 റിയാലിൽനിന്ന് 3000 ആയി കുറച്ചു. സർവിസിൽനിന്ന് വിരമിച്ചവരെയും ഭിന്നശേഷിക്കാരെയും ഫീസിൽനിന്നും ഒഴിവാക്കിയതായി അഹ്മദ് അൽ ദാഹി അറിയിച്ചു. കൂടുതൽ പേർക്ക് ശൈത്യകാല ക്യാമ്പിങ് സീസൺ ഉപയോഗപ്പെടുത്താൻ പ്രോത്സാഹനം നൽകുന്നതാണ് ഈ തീരുമാനം.
അതേസമയം, രജിസ്ട്രേഷൻ സമയത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 റിയാൽ നൽകണം. ക്യാമ്പ് നീക്കം ചെയ്ത് സ്ഥലം നാശനഷ്ടങ്ങൾ വരുത്താതെ നേരത്തെയുള്ള നിലയിൽ തിരികെ നൽകിയാൽ ഉടൻ ഈ തുക തിരികെ നൽകും.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ ഔദ്യോഗിക ആപ്പായ ‘ബീഅ’ വഴിയും രജിസ്ട്രേഷൻ ലഭ്യമാണെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശൈത്യകാല ക്യാമ്പിങ് ഖത്തരി പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രകൃതിയുമായുള്ള ജനങ്ങളുടെ ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)