ഖത്തറില്‍ ഇലക്ട്രോണിക് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര വകുപ്പ്
ദോഹ: രാജ്യത്തെ ഇലക്ട്രോണിക്, ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വിവിധ മാർഗങ്ങളിലൂടെ സൈബർ, ഇലക്ട്രോണിക് തട്ടിപ്പുകൾ നടത്തുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴയോ മൂന്ന് വർഷം വരെ തടവോ അതുമല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ചോ നൽകാൻ നിയമം അനുശാസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സാമ്പത്തിക, ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗത്തിലെ സൈബർ ക്രൈം ഓഫിസർ ഫസ്റ്റ്. ലെഫ് ഒമർ അഹ്മദ് സുൽത്താൻ പറഞ്ഞു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകൾ ചെറുക്കുന്നതിന് ഗവേഷണ കേന്ദ്രങ്ങളുമായും ബാങ്കുകളുമായും സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കി. ഒൺലൈൻ, ഇലക്ട്രോണിക് തട്ടിപ്പിനുള്ള ശിക്ഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക വിദ്യാഭ്യാസ, ബോധവത്കരണ കാമ്പയിനുകൾ ഉൾപ്പെടെയുള്ള നിരവധി ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും തുടരുന്നതായും, കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് ബാങ്കുകളുമായും അനുബന്ധ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സൈബർ തട്ടിപ്പുകളിൽ പണം വീണ്ടെടുക്കുന്നതിൽ കാലതാമസമെടുക്കും. ഇതിന് പ്രധാന കാരണം സൈബർ തട്ടിപ്പിലൂടെ കുറ്റക്കാർ കൈവശപ്പെടുത്തുന്ന പണത്തിൽ 95 ശതമാനവും രാജ്യത്തിന് പുറത്തേക്ക് പോകുന്നതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)