
ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടി, ഭാര്യ അറസ്റ്റിൽ; ഭർത്താവ് മുങ്ങി
ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽ നിന്ന് പൊലീസിൻ്റെ പിടിയിലായത്. ഭർത്താവ് ഫൈസൽ ബാബു ഇപ്പോഴും ഒളിവിലാണ്. വൻലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനിൽ നിന്ന് പണം നിക്ഷേപിക്കാൻ വാങ്ങി കൂട്ടിയത്. 2023 മുതലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പരാതിക്കാരനിൽ നിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽബാബുവും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാനായി പലതവണ പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. വൻലാഭം വാഗ്ദാനം ചെയ്താണ് ഭാര്യയപം ഭർത്താവും ചേർന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതിക്കാരൻ പറയുന്നത്. പിന്നീട് ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടാതായപ്പോഴാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നൽകി. ബാക്കി പണം നൽകാതെ ഫൈസൽ ബാബു വിദേശത്തേക്ക് കടന്നു കളഞ്ഞുവെന്നും പരാതിക്കാരൻ പറയുന്നു. ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ഫാത്തിമ പൊലീസിൻ്റെ പിടിയിലാകുന്നത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിലായത്. കോടികൾ തട്ടിയെടുത്ത കൂടുതൽ പരാതികൾ ദമ്പതിമാരുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)