ഖത്തറിൽ ഉപ്പ് നിർമാണത്തിന് ‘ക്യൂ സാൾട്ട്’; ധാരണപത്രമായി
ദോഹ: എണ്ണയും പ്രകൃതിവാതകവും യൂറിയയും പാൽ ഉൽപന്നങ്ങളും ഉൾപ്പെടെ വിജയം വരിച്ച വൈവിധ്യമാർന്ന ഉൽപാദന പദ്ധതികൾക്കൊടുവിൽ ഉപ്പുനിർമാണത്തിലും കൈവെച്ച് ഖത്തർ. ഖത്തർ സാൾട്ട് പ്രൊഡക്ട്സ് കമ്പനി (ക്യൂ സാൾട്ട്) എന്ന പേരിൽ സ്ഥാപിക്കുന്ന ഉപ്പ് നിർമാണ കേന്ദ്രത്തിന്റെ പങ്കാളികൾ കമ്പനി രൂപവത്കരണം സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ എനർജിയിൽ നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി പങ്കെടുത്തു. മൂന്ന് പ്രമുഖ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത സംരംഭമായാണ് ഉപ്പ് ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്.
ക്യൂസാൾട്ടിന്റെ 40 ശതമാനം ഓഹരികൾ മിസൈദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനിയും (എം.പി.എച്ച്.സി) 30 ശതമാനം ഓഹരികൾ ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനിയും (ക്യു.ഐ.എം.സി) 30 ശതമാനം തുർക്കിയയുടെ അറ്റ്ലസ് യതിരിം പ്ലാൻലമയും പങ്കുവെച്ചുകൊണ്ടാണ് ‘ക്യൂ സാൾട്ടി’ന് തുടക്കം കുറിക്കുന്നത്. ഉം അൽ ഹൂൽ പ്രദേശത്ത് സ്ഥാപിക്കുന്ന ഉപ്പ് ഉൽപാദന കേന്ദ്രം ഖത്തർ പെട്രോകെമിക്കൽ കമ്പനിയും (കാപ്കോ) ഖത്തർ വിനെയിൽ കമ്പനിയും (ക്യു.വി.സി) ചേർന്നാണ് പ്രവർത്തിപ്പിക്കുക. ഖത്തർ എനർജിക്ക് കീഴിലുള്ള തൗത്തീൻ പ്രാദേശികവത്കരണ പരിപാടിയുടെ ഭാഗമായാണ് പുതിയ സംയുക്ത സംരംഭം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ മന്ത്രിക്കു പുറമെ, ഖത്തർ എനർജിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംയുക്ത സംരംഭത്തിൽ അണിനിരക്കുന്ന കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശിക, അന്തർദേശീയ കയറ്റുമതിയെ പിന്തുണക്കുന്നതിനും വ്യാവസായിക, ടേബിൾ സാൾട്ടുകൾ ഉൽപാദിപ്പിക്കുന്നതിനും ഖത്തറിന്റെ സ്വയം പര്യാപ്തത വർധിപ്പിക്കാൻ സഹായിക്കുന്ന ഈ സുപ്രധാന സംരംഭം സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അൽ കഅ്ബി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)