Posted By editor1 Posted On

യുഎഇ ഓണം; 600 കിലോ പൂക്കൾ; ഭീമൻ പൂക്കളം ഒരുക്കിയത് നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന്

ഓണം പൂക്കളുടെയും പൂക്കളങ്ങളുടെയും കൂടി ആഘോഷമാണ്. വിവിധ ഡിസൈനുകളിലുള്ള പൂക്കളങ്ങൾ ഒരുക്കിയാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്. യുഎഇയുടെയും ഓണത്തിന്റെയും ആദർശങ്ങൾ, വയനാട് ദുരന്ത സമയത്തടക്കം പ്രകടമായ സമൂഹത്തിന്റെ ഒത്തൊരുമ തുടങ്ങിയ കാര്യങ്ങൾ പ്രമേയമാക്കി ഭീമൻ പൂക്കളം ഒരുക്കി അമ്പരപ്പിക്കുകയാണ് യുഎഇ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ. വിവിധ രാജ്യക്കാരായ നൂറിൽ അധികം ആരോഗ്യ പ്രവർത്തകർ ചേർന്നാണ് ഏറെ ഭംഗിയുള്ള ഈ പൂക്കളം ഒരുക്കിയത്. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് പൂക്കളം തീർത്തത്. സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യുഎഇ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നിലനിന്നിരുന്ന കാലത്തിന്റെ ഓർമയായ ഓണത്തെ അതേ ആശയങ്ങളിലൂടെ പൂക്കളം വരച്ച് കാട്ടുന്നു. എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യുഎഇയുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപനത്തെയും പൂക്കളം സൂചിപ്പിക്കുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നിരവധി ജീവനുകളെടുത്തപ്പോൾ ദുരന്തത്തെ അതിജീവിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹങ്ങൾ ഒത്തുചേർന്നതിനെയും പൂക്കളം ഓർമപ്പെടുത്തുന്നുണ്ട്. ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ബുർജീൽ ഒഴിവാക്കിയിട്ടുണ്ട്. ഉത്സവം എന്നതിലുപരി, കൂട്ടായ്മയെയും സാഹോദര്യത്തെയും കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഓണം. കേരളത്തിലെയും യുഎഇയിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത്, ബുർജീൽ ഹോൾഡിങ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *