Posted By user Posted On

ഖത്തറിൽ ‘പഠിച്ചില്ലെങ്കിൽ പെടും’; ‘പൊതി’ വാങ്ങി അഴിയെണ്ണുന്നവരുടെ കഥ ഓർമിപ്പിച്ച് അധികൃതർ

ദോഹ: വിശ്വാസം അതെല്ലെ എല്ലാം. നാം സാധാരണ കേട്ടുവരാറുള്ളതാണിത്. എന്നാൽ വിശ്വസിച്ചു വാങ്ങിയ പല പൊതികൾക്കും പറയാനുള്ളത് വഞ്ചനയുടെയും ചതിയുടേയും കഥകളാണ്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ലഹരിക്കടത്തിനെതിരായ ബോധവൽകരണ പരിപാടിയിലാണ് വിവിധ കേസുകൾ വിശദീകരിച്ച് പ്രവാസികളെ അഴിയെണ്ണിച്ച വഞ്ചനയുടെ വർത്തമാനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ പറഞ്ഞത്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ ഒരു പൊതിയും വാങ്ങരുത്, ആരെയും വിശ്വസിക്കരുത്. അത് സ്വന്തം കുടുംബക്കാരായാലും കൂട്ടുകാരായാലും. പഠിച്ചില്ലെങ്കിൽ പെടും, പിന്നെ പാടുപെടും എന്ന സന്ദേശമാണ് വിവിധ സംഭവങ്ങൾ ഉദ്ധരിച്ച് ഇന്ത്യൻ എംബസി അധികൃതർ വിശദീകരിച്ചത് .

ഇത് മുംബൈയിൽ നിന്നുള്ള ഒരു യാത്രക്കാരന്റെ അനുഭവമാണ്. അദ്ദേഹത്തിന് പണം നൽകാം എന്ന് പറഞ്ഞാണ് പൊതി ഏൽപ്പിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുമ്പോൾ ദോഹയിലെ സുഹൃത്തിനുള്ളതാണെന്ന് പറഞ്ഞാണ് ഒരു പൊതി നൽകിയത്. തുടക്കത്തിൽ അദ്ദേഹം വിസമ്മതിച്ചെങ്കിലും 15,000 രൂപ നൽകാം എന്ന് വാഗ്ദാനം ചെയ്തപ്പോൾ അതിൽ മയങ്ങി പൊതി വാങ്ങി തന്റെ ലഗേജിനൊപ്പം വച്ചു. എന്നാൽ, ദോഹ വിമാനത്താവളത്തിലെത്തി ലഗേജ് എടുക്കാനായി കാത്തിരുന്നപ്പോഴാണ് കഥ മാറുന്നത്. കസ്റ്റംസ് അദ്ദേഹത്തിന്റെ ലഗേജ് കൂടുതൽ പരിശോധാനിക്കായി നീക്കി വയ്ക്കുന്നു. പരിശോധനയിൽ പൊതിയിലുണ്ടായിരുന്നത് ഖത്തറിൽ നിരോധിക്കപ്പെട്ട നൂറോളം ഗുളികകൾ ആണെന്ന് വ്യക്തമായി. തുച്ഛമായ തുകയ്ക്കു വേണ്ടി അപരിചിതനിൽ നിന്നും പൊതി വാങ്ങിയ പ്രവാസിക്ക് ഒരു വർഷം ജയിൽ ശിക്ഷയും നാടുകടത്തലുമാണ് ശിക്ഷ. കേവലം 15000 രൂപയുടെ പ്രലോഭനത്തിൽ, കുടുംബത്തെ സംരക്ഷിക്കാൻ ജോലി തേടിയെത്തിയ പ്രവാസിയായ യുവാവിന്, നഷ്ടമായത് തന്റെ ഗൾഫ് എന്ന സ്വപ്നവും ഒപ്പം ജയിൽ വാസവും മാനഹാനിയും .
∙ വീസ ഏജന്റിന്റെ വഞ്ചന
ഏജന്റിൽ നിന്നും ലഭിച്ച തൊഴിൽ വീസയിൽ ഖത്തറിലേക്കുള്ള യാത്രക്കൊരുങ്ങുകയായിരുന്നു മലയാളി യുവവാവ്. ഒരുപാട് സ്വപ്നങ്ങളുമായി ദോഹയിലേക്ക് വിമാനം കയറാനായി കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് ഏജന്റ് ബന്ധപ്പെടുന്നത്. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ കുറച്ചു മധുര പലഹാരങ്ങൾ അടങ്ങിയ ഒരു പൊതി അദ്ദേഹത്തെ ഏൽപ്പിക്കുന്നു. വീസ നൽകിയ വ്യക്തി എന്ന നിലയിൽ ഏജന്റിനെ വിശ്വസിച്ച് ബേക്കറി വിഭവങ്ങൾ അടങ്ങിയ ബാഗ് വാങ്ങി ലഗേജിനൊപ്പം വച്ചു. അൽപം സൂക്ഷ്മത ഉണ്ടായിരുന്നതിനാൽ യാത്രക്ക് മുമ്പ് ഒരു തവണ പരിശോധിച്ചെങ്കിലും പലഹാരം മാത്രമാണ് കണ്ടത്. ഹമദ് വിമാനത്താവളത്തിൽ ഇറങ്ങിയതോടെ കാര്യങ്ങൾ ആകെ കലങ്ങി മറിഞ്ഞു. ബാഗിലെ രഹസ്യ അറയിൽ സൂക്ഷിച്ച ഹാഷിഷ് ലഹരി വസ്തുക്കൾ ഖത്തർ കസ്റ്റംസ് അധികൃതർ കൈയോടെ പിടികൂടി. പത്തു വർഷം ജയിൽ ശിക്ഷയും രണ്ടു ലക്ഷം റിയാൽ (45 ലക്ഷം രൂപ) പിഴയും വിധിക്കപ്പെട്ട ആ യുവാവ് ഖത്തർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഇപ്പോഴും. ഏജന്റിനെ വിശ്വസിച്ച് പൊതിയും വാങ്ങി ഖത്തറിലേക്ക് പുറപ്പെട്ട ആ മലയാളിയുടെ ജീവിതം അങ്ങനെ ഇരുമ്പഴിക്കുള്ളിലായി.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നടത്തുന്ന വഞ്ചനയിൽ അകപ്പെട്ടവരാണ് ഇന്ന് ജയിലറക്കളിൽ കഴിയുന്നവരിൽ അധികപേരും. പക്ഷേ നിയമത്തിന്റെ മുമ്പിൽ അവർ കുറ്റവാളികളാണ്. ഇത്തരം വസ്തുക്കൾ പിടിക്കപ്പെടുമ്പോൾ അധികാരികൾക്ക് മുമ്പിൽ ഞങ്ങൾ അറിഞ്ഞില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാൻ സാധ്യമല്ല. ലഹരിക്കടത്തു കേസുകളിൽ കുടുങ്ങി ഖത്തർ ജയിലുകളിലുള്ള നൂറിലേറെ ഇന്ത്യക്കാരിൽ രണ്ടു പേരുടെ മാത്രം അനുഭവമാണിത്. ഒട്ടു മിക്ക കേസുകളിലും അകത്തായത് ചതിയിൽപ്പെട്ടവർ. പക്ഷേ, തെളിവുകൾ എതിരായതിനാൽ ജയിൽ ശിക്ഷയും നാടുകടത്തലും അനുഭവിച്ചേ മതിയാകൂ. ഖത്തർ വിമാനത്താവളത്തിൽ ലഹരിവസ്തുക്കൾ കണ്ടെത്താൻ അത്യാധുനിക സൗകര്യങ്ങളുള്ള യന്ത്രങ്ങളും ഡോഗ് സ്കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ട്‌.
ഗൾഫിലേക്കുള്ള യാത്രയിൽ നിങ്ങൾ ആരെയും വിശ്വസിക്കരുതെന്ന് ഓർമിപ്പിക്കുകയാണ് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരും സാമൂഹ്യ പ്രവർത്തകരുമെല്ലാം. പലരെയും വഞ്ചിക്കുന്നത് അടുത്ത സുഹൃത്തുക്കളും ചിലപ്പോൾ ബന്ധുക്കൾ തന്നെയുമാണ്. ചെറിയ സാമ്പത്തിക ലാഭങ്ങൾക്ക് വേണ്ടിയും ഇത്തരം സാഹസികതയ്ക്ക് മുതിരുന്നവർ ഉണ്ട്. ജയിലറകളിൽ കഴിയുന്നവരുടെ രോദനങ്ങൾ കേട്ടും പ്രയാസങ്ങൾ നേരിൽ കണ്ടുമാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *