ദിവസവും ഒരു ഗ്രാം ഉപ്പ് കൂടിയാല്‍ മതി, ഈ ത്വക്ക് രോഗത്തിന് സാധ്യത കൂടുമെന്ന് പഠനം
ഉപ്പിന്‍റെ ഉപയോഗം അളവില്‍ കൂടിയാല്‍ എക്സീമ പോലെയുള്ള ചര്‍മ്മ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് പഠനം. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ആണ് വില്ലന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്‍റെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം. ദിവസേനയുള്ള ശുപാർശയേക്കാൾ ഒരു ഗ്രാം സോഡിയം അധികമായി കഴിക്കുന്നത് എക്സീമ വരാനുള്ള സാധ്യത 22 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
യുഎസിലെ കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ (യുസിഎസ്എഫ്) ഗവേഷകരാണ് പഠനം നടത്തിയത്. അമിതമായ സോഡിയം അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൗമാരക്കാർക്കിടയിൽ എക്സീമയുടെ സാധ്യതയെ കൂട്ടിയെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍.
ചൊറിച്ചിലിലേക്കും വീക്കത്തിലേക്കും നയിക്കുന്ന ഒരു ചർമ്മ അവസ്ഥയാണ് എക്സീമ അല്ലെങ്കിൽ വരട്ടുചൊറി എന്ന് പറയുന്നത്. ചർമ്മം വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചുവന്ന പാടുകള്‍ ഉണ്ടാകാനും ഇത് കാരണമാകും. എക്സീമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. ചർമ്മത്തിന് വീക്കം, ചെറിയ കുരുക്കള്‍ എന്നിവയും എക്സീമയുടെ ലക്ഷണങ്ങളാണ്.
സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് എക്സീമയെ തടയാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എക്സീമയുടെ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങള്‍, ചില തുണികള്‍, ചില സോപ്പുകള്‍ എന്നിവയും ഒഴിവാക്കുക. ചിലരില്‍ സ്ട്രെസ് മൂലവും എക്സീമ ഉണ്ടാകാം. അത്തരക്കാര്‍ സ്ട്രെസ് ഒഴിവാക്കുക.
ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജാമ) ഡെർമറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തിനായി, യുകെ ബയോബാങ്കിൽ നിന്നുള്ള 30-70 വയസ് പ്രായമുള്ള 2 ലക്ഷത്തിലധികം ആളുകളുടെ മൂത്ര സാമ്പിളുകളും ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകളും ഉൾപ്പെടെയുള്ള ഡാറ്റ സംഘം ഉപയോഗിച്ചു. ഇതിലൂടെയാണ് ശുപാർശയേക്കാൾ ഒരു ഗ്രാം സോഡിയം അധികമായി കഴിക്കുന്നവരില്‍ എക്സീമ വരാനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)