
ഫ്രഞ്ച് ചിത്രകാരൻ ജീൻ ലിയോൺ ജെറോമിന്റെ ചിത്രപ്രദർശനവുമായി ഖത്തർ മ്യൂസിയം
ദോഹ: ഒരു നൂറ്റാണ്ട് മുമ്പ് വിടവാങ്ങിയ കലാകാരന്റെ കാലതിവർത്തിയായ സൃഷ്ടികളുടെ അപൂർവമായൊരു പ്രദർശനത്തിന് വേദിയൊരുക്കാൻ ഒരുങ്ങുകയാണ് ഖത്തർ മ്യൂസിയം. 1824ൽ ജനിച്ച് 1904ൽ മരണമടഞ്ഞ ഫ്രഞ്ച് ഫ്രഞ്ച് ചിത്രകാരനും ശിൽപിയുമായ ജീൻ ലിയോൺ ജെറോമിന്റെ ലോകശ്രദ്ധേയമായ കലാ സൃഷ്ടികളുടെ പ്രദർശനം.
‘സീയിങ് ഈസ് ബിലീവിങ്’ എന്ന പേരിൽ നവംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 22 വരെയാണ് സംഘടിപ്പിക്കുന്നത്. മത്ഹഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടുമായി സഹകരിച്ച് ലൂസൈൽ മ്യൂസിയമാണ് ഇതിഹാസ കലാകാരന്റെ സൃഷ്ടികൾ ദോഹയിലെ കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുന്നത്.
16 മുതൽ 19ാം നൂറ്റാണ്ടുകളിൽ വ്യാപിച്ചുകിടക്കുന്ന മിനാസ (മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ) മേഖലയുടെ യൂറോപ്യൻ ചിത്രീകരണങ്ങൾ ഉൾപ്പെടെ, ലുസൈൽ മ്യൂസിയത്തിലെ ഓറിയന്റലിസ്റ്റ് കലകളുടെ ശേഖരത്തിലെ 400ഓളം സൃഷ്ടികൾ പ്രദർശനത്തിലുൾപ്പെടുത്തും.
ഖത്തർ മ്യൂസിയം കലക്ഷൻസ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, മലേഷ്യയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ സൃഷ്ടികളും ഇതിൽപെടും.
ബാബി ബദലോവ് (അസൈർബൈജാൻ), നാദിയ കാബി ലിങ്കെ (തുനീഷ്യ) എന്നിവരുൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരിൽനിന്ന് കമീഷൻ ചെയ്ത പുതിയ സൃഷ്ടികൾ 21ാം നൂറ്റാണ്ടിൽ ജെറോമിനെ പ്രദർശനത്തിൽ പുനർവ്യാഖാനം ചെയ്യും.
Comments (0)