Posted By user Posted On

ഖത്തറിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, കൂടുതല്‍ വിവരങ്ങളുമായി എച്ച്എംസി, അറിയാം

ദോഹ: ഖത്തറിലേക്ക് വരുന്ന സന്ദർശകർക്കുള്ള അടിയന്തര വൈദ്യസഹായം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പങ്കിട്ടു. 2023 മുതൽ, ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദർശകർക്കും (ജിസിസി പൗരന്മാർ ഒഴികെ) എച്ച്എംസിയിൽ അടിയന്തര വൈദ്യചികിത്സ ലഭിക്കുന്നതിന് നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസ് (Mandatory Visitor Health Insurance Scheme) ഉണ്ടായിരിക്കണമെന്ന നിയമമുണ്ട്.

ഈ ഇൻഷുറൻസ് അടിയന്തര വൈദ്യചികിത്സയ്ക്ക് 150,000 റിയാൽ വരെയും ആംബുലൻസ് സേവനങ്ങൾ, നാട്ടിലേക്ക് തിരിച്ചയക്കൽ തുടങ്ങിയ അടിയന്തര വൈദ്യസഹായത്തിന് 35,000 റിയാൽ വരെയും, കൊവിഡ്-19 മായി ബന്ധപ്പെട്ട ചികിത്സയ്ക്കും ക്വാറൻ്റൈനുമായി 50,000 റിയാൽ വരെയും, മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 10,000 റിയാൽ വരെയും പരിരക്ഷ നൽകുന്നുണ്ട്.

നിങ്ങളുടെ ആരോഗ്യസംബന്ധമായ അവസ്ഥയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ, അത് ഒരു മെഡിക്കൽ എമർജൻസി ആയി തരംതിരിച്ചിരിക്കണം. നിങ്ങളുടെ അവസ്ഥ മെഡിക്കൽ എമർജെൻസിയാണോ എന്ന് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് എച്ച്എംസിയുടെ ഇൻഷുറൻസ് കോർഡിനേഷൻ ടീമുമായി ബന്ധപ്പെടാവുന്നതാണ്. അവർ നിങ്ങളുടെ അവസ്ഥ മനസിലാക്കാനും ഉചിതമായ മെഡിക്കൽ സൗകര്യത്തിലേക്ക് എത്തിച്ചേരാനും സഹായിക്കും.

നിങ്ങളുടെ അവസ്ഥ ഒരു മെഡിക്കൽ എമർജൻസി ആയി തരംതിരിച്ചിട്ടില്ലെങ്കിൽ, ഈ നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് അതിന്റെ ചെലവുകൾ വഹിക്കില്ല. എന്നാൽ, നിങ്ങൾ എടുക്കുന്നത് സ്വകാര്യ ഇൻഷുറൻസ് ആണെങ്കിൽ, നിങ്ങളുടെ പോളിസിയെ ആശ്രയിച്ച് ചിലതോ അല്ലെങ്കിൽ എല്ലാ ചികിത്സാ ചെലവുകളും തന്നെയോ അവർ പരിരക്ഷിച്ചേക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *