സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സമൂഹം
ദോഹ: പ്രവാസ മണ്ണിൽ വീണ്ടുമൊരു സ്വാതന്ത്ര്യപ്പുലരി ആഘോഷിക്കാൻ ഒരുങ്ങി ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസി നേതൃത്വത്തിലെ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച രാവിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ തുടക്കമാകും. പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷം ഇത്തവണ വർണാഭമാക്കുന്നത്.
രാവിലെ 6.30ന് തന്നെ ഐ.സി.സിയിലേക്ക് പ്രവേശനം അനുവദിക്കും. ഏഴു മണിക്കാണ് പതാക ഉയർത്തൽ. തുടർന്ന് അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറയും.
അംബാസഡർ വിപുൽ രാഷ്ട്രപതിയുടെ സന്ദേശം നൽകും. തുടർന്ന് ഐ.സി. ഡാൻസ് ടീം, സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഡാൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും അരങ്ങേറും. എംബസി അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ സ്വാതന്ത്ര്യദിന പരിപാടികളുടെ തത്സമയ സംപ്രേക്ഷണവുമുണ്ടാവും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)