വിനേഷ് ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി; സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ച് നൽകിയ അപ്പീൽ തള്ളി
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽ തുടർന്ന് മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളിയതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിധി പറയുന്നത് ഈ മാസം 16 വരെ നീട്ടിവച്ചതിനു പിന്നാലെയാണ്, അപ്പീൽ തള്ളിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്തും, സംയുക്ത വെള്ളിമെഡൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, വിധിയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല. പാരിസ് ഒളിംപിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും സഹിതം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.
വനിതാ ഗുസ്തിയിൽ 50 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുൻപാണു അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തിനും 100 ഗ്രാം അധിക ഭാരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തെ മാറ്റിനിർത്തിയത്. ഭാരം കുറയ്ക്കാൻ സമയം വേണമെന്ന ഇന്ത്യയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)