വയനാട്ടില്‍ ഭൂകമ്പമുണ്ടായിട്ടില്ല. ഭൂമി പാളികളുടെ നീക്കമാവാമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഭൂകമ്പമുണ്ടായിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍. ഭൂമിക്കടിയിലെ പാളികള്‍ നീങ്ങിയതാകാമെന്ന് ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമി കുലുക്കമല്ലെന്നാണ് വിവരം. കോഴിക്കോട് അടക്കം ഉണ്ടായത് പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
നേരത്തെ വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍, പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ പത്ത് മണിയോടെയാണ് ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തിയത്.
നേരത്തെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംഭവം സ്ഥിരീകരിച്ചിരുന്നു. ഭൂകമ്പ സൂചനകളൊന്നും പ്രദേശത്തില്ലെന്നാണ് കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരുന്നത്. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ പറഞ്ഞിരുന്നു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി വിവരം ഇതുവരെയില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)