
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഖത്തറിലെ അൽ സിദ്റ മെഡിസിൻ
ദോഹ: പത്തുമാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഖത്തറിലെ അൽ സിദ്റ മെഡിസിൻ. ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധചികിത്സകൾ നൽകിയാണ് പരിക്കേറ്റ കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ച് നയിക്കുന്നത്. 2023 ഡിസംബർ മുതൽ 170ലധികം കുട്ടികളെയാണ് സിദ്റ മെഡിസിനിൽ ചികിത്സക്ക് വിധേയമാക്കിയത്.
യുദ്ധത്തിലുണ്ടായ സ്ഫോടനങ്ങൾ, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങളിൽ മാരകമായ മുറിവുകളേറ്റ് ജീവിതത്തിലേക്ക് തിരികെയെത്തില്ലെന്നുറപ്പിച്ച നിരവധി ‘പോളി ട്രോമ’ കേസുകളും സിദ്റയിൽ വിജയകരമായി പൂർത്തിയാക്കി. 2024 ജൂൺ വരെ സിദ്റ മെഡിസിനിൽ 170 പീഡിയാട്രിക് രോഗികളാണ് ഐ.പി, ഒ.പി ക്രമീകരണങ്ങളിൽ ഉണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗം പേർക്കും ഒ.പിയിൽ തുടർ ചികിത്സയും നൽകുന്നുണ്ട്.
ഒക്ടോബർ ഏഴിന് ഗസ്സയിലേക്ക് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ കൊല്ലപ്പെടുകയും പരിക്കേറ്റവർ ചികിത്സയില്ലാതെ ദുരിതത്തിലാവുകയും ചെയ്തതിന് പിന്നാലെയാണ് ഖത്തർ ചികിത്സ സഹായവുമായെത്തുന്നത്. 2023 ഡിസംബർ മൂന്നിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഗസ്സക്കാർക്ക് ചികിത്സയും സംരക്ഷണവും പ്രഖ്യാപിച്ചിരുന്നു. 3000 അനാഥരുടെ സംരക്ഷണവും പരിക്കേറ്റ 1500 പേർക്ക് ചികിത്സ നൽകാനും അമീർ നിർദേശം നൽകി. തുടർന്നാണ് ഗസ്സയിൽ നിന്നെത്തിയ കുട്ടികളുടെ ചികിത്സയിൽ സിദ്റ മെഡിസിൻ സജീവമായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)