
ഖത്തറിലെ തൊഴിലന്വേഷകർക്ക് ഇനി ഈ പ്ലാറ്റ്ഫോം വഴി തൊഴില്‍ അന്വേഷിക്കാം; അറിയാം വിവരങ്ങള്‍
ദോഹ: ഖത്തറിൽ ബിരുദപഠനം പൂർത്തിയാക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ എളുപ്പത്തിൽ ജോലി കണ്ടെത്താൻ നൂതന സേവനവുമായി തൊഴിൽ മന്ത്രാലയം. തൊഴിലന്വേഷകർക്കും, തൊഴിൽ ദായകർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന ‘ഉഖൂൽ’ പ്ലാറ്റ്ഫോമിനാണ് മന്ത്രാലയം തുടക്കം കുറിച്ചത്.
പഠനം കഴിഞ്ഞാൽ, തൊഴിൽ അന്വേഷിച്ച് കമ്പനികൾ കയറിയിറങ്ങുന്നതും, ജോബ് വെബ്സൈറ്റുകളും ലിങ്ക്ഡ് ഇൻ പോലെയുള്ള അക്കൗണ്ടുകളും വഴി തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതുമെല്ലാം ഒഴിവാക്കി തൊഴിൽ ദാതാവിനെ തങ്ങളിലെത്തിക്കുന്ന ‘ഉഖൂൽ’ പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്.
ഗൂഗ്ൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി ചേർന്ന് വികസിപ്പിച്ച പ്ലാറ്റ്ഫോം നിർമിതബുദ്ധിയിലധിഷ്ഠിത സേവനം വാഗ്ദാനം ചെയ്യുമ്പോൾ തൊഴിലന്വേഷകർക്ക് കാര്യങ്ങൾ എളുപ്പമാകും. ഖത്തറിലെ സ്വകാര്യ കമ്പനികൾക്ക് ഖത്തർ സർവകലാശാലകളിൽനിന്നും ബിരുദം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവരിലേക്ക് വേഗത്തിലെത്താനും, തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനുമൊത്ത തൊഴിൽ കണ്ടെത്താനും ‘ഉഖൂൽ’ വഴിയൊരുക്കും.
ഏറ്റവും മികച്ച സി.വി തയാറാക്കൽ, തൊഴിൽ അപേക്ഷ സമർപ്പിക്കൽ, തൊഴിൽ അഭിമുഖങ്ങൾ, കരാറിൽ ഒപ്പുവെക്കൽ തുടങ്ങിയവയെല്ലാം ‘ഉഖൂൽ’ എന്ന ഒരേ ജാലകത്തിലൂടെ പൂർത്തിയാവുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെ അപേക്ഷകന്റെ അക്കാദമിക്, കരിയർ മികവുകളും നേട്ടങ്ങളും പ്രവൃത്തി പരിചയവും ഉൾക്കൊള്ളിച്ചുകൊണ്ട് സി.വി തയാറാക്കാം.
ഇതേ നിർമിതബുദ്ധിതന്നെയാണ് ഉദ്യോഗാർഥികളെ അന്വേഷിക്കുന്ന തൊഴിലുടമകൾക്കും സഹായകമാവുന്നത്. ആൽഗോരിതം അടിസ്ഥാനമാക്കി അർഹരായ ഉദ്യോഗാർഥിയെ കണ്ടെത്താനും അഭിമുഖത്തിന് തെരഞ്ഞെടുക്കാനും കഴിയും.രാജ്യത്തെ തൊഴിൽ വിപണി ശക്തിപ്പെടുത്താനും, ദേശീയ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനുമെല്ലാം ‘ഉഖൂൽ’ വഴിയൊരുക്കുമെന്ന് മന്ത്രാലയും സാമൂഹിക മാധ്യമമായ ‘എക്സിൽ’ പങ്കുവെച്ചു.
കേന്ദ്രീകൃതമായൊരു മാച്ചിങ് സംവിധാനമാണ്ഇതിന്റെ പ്രത്യേകത. തൊഴിലന്വേഷകന്റെ യോഗ്യതയും തൊഴിലുടമയുടെ ആവശ്യവും പരസ്പരം തുലനം ചെയ്യാനും അർഹരായവരെ കൃത്യമായ തൊഴിലിൽ എത്തിക്കാനും കഴിയും. ഇതോടൊപ്പം പരിശീലന കോഴ്സുകൾ, പ്രവൃത്തി മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ എന്നിവയും ഉദ്യോഗാർഥിക്ക് പ്ലാറ്റ്ഫോം നൽകുന്നു.പ്രധാന സേവനങ്ങൾ
- നിർമിതബുദ്ധിയുടെ സഹായത്തോടെ സി.വി തയാറാക്കാൻ സഹായിക്കുന്നു
- തൊഴിൽ അപേക്ഷകൾ
- തൊഴിൽ അഭിമുഖങ്ങൾ
- തൊഴിൽ കരാറുകളിലെത്താം
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)