Posted By user Posted On

പ്രമേഹവും ബിപിയും ഉണ്ടോ? എങ്കിൽ ഒഴിവാക്കാം ഈ വെളുത്ത ഭക്ഷണങ്ങൾ

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പ്രോസസ് െചയ്തതും വെള്ള നിറത്തിലുള്ളതുമായ ഭക്ഷണങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും വർധിപ്പിക്കുകയും ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.

വൈറ്റ് ബ്രഡ്
വൈറ്റമിനുകളും ധാതുക്കളും ഫൈബറും എല്ലാം നീക്കം ചെയ്ത റിഫൈൻഡ് മാവ് കൊണ്ടാണ് ബ്രഡ് ഉണ്ടാക്കുന്നത്. വൈറ്റ് ബ്രഡിന് ഗ്ലൈസെമിക് ഇൻഡക്സ് അധികമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടാൻ ഇടയാക്കും. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും. ഫൈബർ ഒട്ടും ഇല്ലാത്തതിനാൽ, ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ ഇത് അമിതമായി ഭക്ഷണം കഴിക്കാനും ശരീരഭാരം കൂടാനും ഇടയാക്കും. ഇത് രക്താതിമർദം അഥവാ ഹൈപ്പർടെൻഷനും കാരണമാകും.
മുഴുധാന്യങ്ങൾ  (whole grain) ഉപയോഗിച്ചുണ്ടാക്കുന്ന ബ്രഡ് ആണ് നല്ലത്. ഇവയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.

വൈറ്റ് റൈസ്
വൈറ്റ് ബ്രഡ് പോലെ തന്നെ അനാരോഗ്യകരമാണ് വൈറ്റ് റൈസും. വൈറ്റ് റൈസ് എന്നാൽ റിഫൈൻ ചെയ്യപ്പെട്ട അരി ആണ്. തവിടില്ലാത്ത ഈ അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. വൈറ്റ് റൈസ് പതിവായി ഉപയോഗിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ വൈറ്റ് റൈസ്, ശരീരഭാരം കൂടാനും രക്തസമ്മർദം കൂടാനും കാരണമാകും.
തവിടു കളയാത്ത ബ്രൗൺ റൈസ്, ക്വിനോവ, ബാർലി തുടങ്ങിയവ വൈറ്റ് റൈസിനു പകരം ഉപയോഗിക്കാം. ഇവയിൽ പോഷകങ്ങൾ ധാരാളമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

പാസ്ത
മറ്റ് റിഫൈൻഡ് ധാന്യങ്ങളെ പോലെ പാസ്തയും ആരോഗ്യകരമല്ല. ഇതിൽ ഫൈബർ വളരെ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. പ്രമേഹമുള്ളവർക്ക് ഇത് ദോഷം ചെയ്യും. ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ, വൈറ്റ് പാസ്ത പെട്ടെന്ന് ദഹിക്കുന്നതു മൂലം ഇൻസുലിന്റെ അളവ് ഉയരുകയും ശരീരഭാരവും രക്തസമ്മർദവും വർധിക്കുകയും ചെയ്യും.
മുഴുധാന്യങ്ങൾ ഉപയോഗിച്ചുള്ളതോ പയർവർഗങ്ങൾ കൊണ്ടുള്ളതോ ആയ പാസ്ത ആണ് നല്ലത്. ഇവയിൽ ധാരാളം പ്രോട്ടീനും ഫൈബറും ഉണ്ടാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിട്ടുണ്ട്. ഇതു മൂലം ഫ്രഞ്ച് ഫ്രൈസ് ആയിട്ടും ഉരുളക്കിഴങ്ങ് ഉടച്ചതായും ഒക്കെ മാറ്റി ഉരുളക്കിഴങ്ങ് കൂടിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ ഇടയാക്കും. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇതിടയാക്കും. ഉയർന്ന രക്തസമ്മർദം ഉള്ളവരും ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വറുത്തും ഉപ്പേരിയായും ഒക്കെ കഴിക്കുമ്പോൾ ഉയർന്ന സോഡിയം മൂലം രക്താതിമർദം വർധിക്കാൻ ഇടയാക്കും. ഉരുളക്കിഴങ്ങിനു പകരം ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പച്ചക്കറികളും മധുരക്കിഴങ്ങും കഴിക്കാൻ ശ്രദ്ധിക്കാം.

പഞ്ചസാര
പഞ്ചസാര അധികമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലുള്ള പഞ്ചസാര, രക്തത്തിലെ പഞ്ചാസാരയുടെ അളവ് കൂടാൻ കാരണമാകും. ഉയർന്ന രക്തസമ്മർദം ഉള്ളവരും പഞ്ചസാര അധികമായി ഉപയോഗിക്കരുത്. കാരണം ശരീരഭാരം കൂട്ടാനും ഇൻസുലിൻ പ്രതിരോധം കൂട്ടാനും രക്തസമ്മർദം വർധിക്കാനും ഇടയാക്കും. പഞ്ചസാരയ്ക്കു പകരം നാച്വറൽ സ്വീറ്റ്നർ ആയ സ്റ്റീവിയയോ ചെറിയ അളവിൽ തേനോ ഉപയോഗിക്കാം.

സംസ്കരിച്ച ഭക്ഷണം
പേസ്ട്രി, കുക്കീസ് തുടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ മൈദ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ ഇവയുണ്ട്. ഇവയിൽ പോഷകങ്ങൾ ഇല്ല എന്നുമാത്രമല്ല കാലറിയും അധികമാണ്. ഇത് ശരീരഭാരം കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. പ്രമേഹരോഗികൾ ഈ ഭക്ഷണം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും നിയന്ത്രിക്കാൻ പറ്റാതെ വരികയും ചെയ്യും. ശരീരഭാരം കൂടും എന്നതിനാലും സോഡിയം കൂടുതലാണ് എന്നതിനാലും രക്തസമ്മർദം ഉള്ളവരും ഇത്തരം ഭക്ഷണം ഒഴിവാക്കണം.

രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാൻ പ്രോസസ് ചെയ്യാത്ത മുഴുധാന്യങ്ങളടങ്ങിയ ആരോഗ്യഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ഉപ്പിനു പകരം ഇന്തുപ്പ് സോഡിയം കൂടുതലടങ്ങിയ ഉപ്പ് ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകും. പ്രമേഹമുള്ളവരിൽ സോഡിയം കൂടുന്നത് ഫ്ലൂയ്ഡ് റിറ്റെൻഷനും മറ്റ് സങ്കീർണതകൾക്കും ഇടയാക്കും.

ഉപ്പിനു പകരം സോഡിയം വളരെ കുറഞ്ഞ സ്പൈസസ് ഉപയോഗിക്കാം. ഹിമാലയൻ സോൾട്ട് അഥവാ ഇന്തുപ്പ് ഉപ്പിനു പകരമായി ഉപയോഗിക്കാം. ഉപ്പിന്റെ അളവ് കുറയുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ആരോഗ്യവും സൗഖ്യവും ഉണ്ടാകാനും ഉപ്പിന്റെ അളവ് കുറയ്ക്കുന്നതു വഴി സാധിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *