ഖത്തറിലെ ആരോഗ്യ മേഖലയിലെ ജോലികൾക്കായി വ്യാജ രേഖകൾ സമർപ്പിച്ചു; ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ഖത്തർ
ദോഹ : ഖത്തർ ആരോഗ്യ മന്ത്രാലയം, ആരോഗ്യ മേഖലയിലെ ജോലികൾക്കായി വ്യാജ രേഖകൾ സമർപ്പിച്ച 83 പേരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ ആരോഗ്യ വിദഗ്ധരാണ് ഇതിൽ ഉൾപ്പെടുന്നത്. 2022, 2023 വർഷങ്ങളിൽ ഖത്തർ ലൈസൻസിനായി സമർപ്പിച്ച രേഖകളിൽ വ്യാജമായ വിവരങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രഫഷൻസ് വിഭാഗം ഡയറക്ടർ ഡോ. സഅദ് അൽ കഅബിയാണ് ഈ വിവരം പുറത്തുവിട്ടത്. കരിമ്പട്ടികയിലുള്ളവർക്ക് ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദഗ്ധരുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള കർശനമായ നടപടികൾ പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ വിദഗ്ധർ ജോലി ചെയ്തിരുന്ന തസ്തിക, പ്രവർത്തന പരിചയം എന്നിവയെക്കുറിച്ച് കൃത്രിമമായ വിവരങ്ങൾ നൽകിയിരുന്നു. കൂടാതെ, വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചിരുന്നതായും കണ്ടെത്തിയെന്ന് ഡോ. സഅദ് അൽ കഅബി വിശദീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)