കൂടുതൽ വിമാനങ്ങൾ; ഉയരെ പറക്കാൻ ഖത്തർ എയർവേസ്
ദോഹ: ബോയിങ്ങിൽനിന്ന് പുതിയ 20 വിമാനങ്ങൾകൂടി സ്വന്തമാക്കി ആകാശയാത്രയിലെ മേധാവിത്വം നിലനിർത്താൻ ഖത്തർ എയർവേസ്. ബ്രിട്ടനിലെ ഫാൻബറോയിൽ നടക്കുന്ന അന്താരാഷ്ട്ര എയർഷോയുടെ രണ്ടാം ദിനത്തിലാണ് ഖത്തർ എയർവേസ് പുതിയ വിമാന കരാറിന്റെ പ്രഖ്യാപനം നടത്തിയത്.
ബോയിങ്ങിന്റെ പുതിയ 777 എക്സ് സീരീസിൽനിന്നുള്ള 777-9ന്റെ 20 വിമാനങ്ങൾകൂടി വാങ്ങാനാണ് തീരുമാനം. 426 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളാണിത്. 13492 കിലോമീറ്റര്‍ പറക്കാനുള്ള ശേഷിയുമുണ്ട്. നേരത്തേ ബുക്ക് ചെയ്ത 40 777- 9 വിമാനങ്ങളടക്കം 777 എക്സ് ശ്രേണിയിലുള്ള 94 യാത്രാ, കാര്‍ഗോ വിമാനങ്ങളാണ് പുതിയ കരാറോടെ ഖത്തര്‍ എയര്‍വേസ് നിരയിലുണ്ടാവുക.
ഏതാണ്ട് 400 കോടി ഡോളറാണ് പുതിയ കരാര്‍ തുകയെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വിസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ 170 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍വേസ് പറക്കുന്നുണ്ട്.
വിവിധ വൻകരകളെ ബന്ധിപ്പിച്ച് ദൈർഘ്യമേറിയ സർവിസുകൾ നടത്തുന്ന ഖത്തർ എയർവേസിന്റെ കുതിപ്പിലേക്ക് പുതിയ വിമാനങ്ങളുടെ വരവ് കൂടുതൽ കരുത്തായി മാറും.
വ്യോമയാന മേഖലയിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായി സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാറുകളെന്ന് ബോയിങ് സി.ഇ.ഒയും പ്രസിഡന്റുമായ സ്റ്റെഫാനി പോപ് പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)