എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പ്: മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്ന സ്കിമ്മിങ്ങിനെതിരെ മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്. എ.ടി.എം, പി.ഒ.എസ് മെഷീൻ ഉൾപ്പെടെ കാർഡ് സ്വൈപ്പ് ചെയ്യുന്ന യന്ത്രങ്ങളിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പിൻ നമ്പർ ഉൾപ്പെടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി നടത്തുന്ന സൈബർ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചു. സ്കിമ്മിങ് ഉപകരണം ഘടിപ്പിച്ച എ.ടി.എമ്മുകൾ എങ്ങനെ തിരിച്ചറിയാമെന്നും തട്ടിപ്പിന് ഇരയാകുന്നത് തടയാനുള്ള നടപടികളും ക്യൂ.സി.ബിയുടെ ‘എക്സ്’ പേജ് വഴി വിശദീകരിച്ചു. എ.ടി.എമ്മിൽ ഡാറ്റ ചോർത്തുന്നതിനുള്ള ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് എന്നതിനാൽ സുരക്ഷിത കേന്ദ്രങ്ങളിലെ എ.ടി.എം ഉപയോഗപ്പെടുത്തുക. ബാങ്ക് ശാഖകൾക്കുള്ളിലെ എ.ടി.എം മെഷീനുകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത കുറവായതിനാൽ അത്തരം എ.ടി.എമ്മുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എ.ടി.എമ്മിലെ കാർഡ് റീഡർ അയഞ്ഞതോ, അതോ നിശ്ചിത സ്ഥലത്തിന് പുറത്താണോയെന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് കാർഡ് മുകളിലേക്കും താഴേക്കുമായോ, അല്ലെങ്കിൽ ഇരുവശങ്ങളിലേക്കുമായോ ഇളക്കാൻ ശ്രമിക്കുക. റീഡറിനുള്ളിൽ കാർഡ് കൃത്യമായ സ്ഥാനത്താണെന്ന് ഉറപ്പിക്കാനാണിത്.
ഇടപാട് നടത്തും മുമ്പ് എ.ടി.എമ്മിലെ കാർഡ് റീഡറിന് ചുറ്റും സൂക്ഷ്മ പരിശോധന നടത്തുക. റീഡറിൽ സ്കിമ്മിങ് തട്ടിപ്പിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ നിരീക്ഷണം സഹായിക്കും. എ.ടി.എം ഇടപാട് പൂർത്തിയാക്കുന്നതിന് പിൻ നൽകുമ്പോൾ മറ്റൊരു കൈകൊണ്ട് കീപാഡ് മറച്ചുപിടിക്കുക. ഒളിപ്പിച്ചുവെച്ച കാമറകൾ വഴി പിൻ ചോർത്തുന്നത് തടയാൻ ഇതുവഴി കഴിയും. കൂടാതെ. എ.ടി.എം മെഷീൻ ഇടപാടിനിടയിൽ അപരിചിതരുടെ സാന്നിധ്യം ഒഴിവാക്കാനും സൂക്ഷ്മത പുലർത്താനും ശ്രദ്ധിക്കുക. സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ +974 6681 5757 എന്ന ഹോട്ട്ലൈൻ നമ്പറില് ബന്ധപ്പെടാവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)