Posted By user Posted On

നിങ്ങളുടെ റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ, ശ്രദ്ധിക്കേണ്ട 5 പ്രധാനകാര്യങ്ങൾ

വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ ചുരുക്കുക, പെൻഷൻ കോർപ്പസ് പൊല്ലാപ്പില്ലാതെ സ്ഥിരനിക്ഷേപമായോ ആന്വറ്റി ആയോ ഇട്ട് പലിശ കൊണ്ടു ജീവിക്കുക, ഈ പരമ്പരാഗത വിരമിക്കൽ ചിന്തകളിൽ എല്ലാ ആസൂത്രണങ്ങളും ഒതുങ്ങും. ഓർമിക്കുക, നേരത്തേ സാമ്പത്തികാസൂത്രണ കാര്യങ്ങളിൽ ചെലുത്തിയ നിഷ്കർഷത വിരമിക്കലിനുശേഷം ഒരു മടങ്ങ് കൂടുതൽ വേണം. അതാണ് ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.

പെൻഷൻ കോർപ്പസ് വീതിക്കൽ

വിരമിക്കുമ്പോൾ കയ്യിൽക്കിട്ടുന്ന തുക എത്ര വീതം ഏതൊക്കെ നിക്ഷേപങ്ങളിൽ വീതിച്ചു നിക്ഷേപിക്കണമെന്നത് ഏവരെയും കുഴക്കുന്ന ചോദ്യമാണ്. ഒന്നിച്ച് ബാങ്കു നിക്ഷേപമാക്കുക‌യാണു പതിവ്. മുതലിന്റെ ഉറപ്പും സ്ഥിരതയുള്ള പലിശയുമാണു കാരണം. നാഷണൽ പെൻഷൻ പദ്ധതിയിലും മറ്റും ആന്വറ്റി നിർബന്ധമാക്കിയതോടെ ചിലരൊക്കെ ആ വഴിക്കും നിക്ഷേപിക്കും.

അടിസ്ഥാന പ്രമാണങ്ങൾ

കോർപ്പസ് തുകയുടെ നിക്ഷേപവും വിനിയോഗിക്കലും സംബന്ധിച്ച് പ്രധാനമായും അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ പരിഗണിക്കണം.

1. അത്യാവശ്യത്തിനു പണം അടിയന്തര ഘട്ടങ്ങളിൽ എടുക്കാനും ഉപയോഗിക്കാനും ഒരു എമർജൻസി ഫണ്ടിനായി ഒരു ഭാഗം മാറ്റിവയ്ക്കണം. അത്യാവശ്യം വന്നാൽ എങ്ങനെ പണം കണ്ടെത്താം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ അത്യാവശ്യചെലവുകൾ എങ്ങനെ നിർവഹിക്കാം എന്നിവ വിലയിരുത്തി കരുതൽ ധനം സ്വരൂപിച്ചുവയ്ക്കണം. അത്യാവശ്യത്തിനു പിൻവലിക്കാവുന്ന ചിട്ടി, ആവർത്തന നിക്ഷേപം എന്നിങ്ങനെ കരുതൽ ധനം ക്രമമായി ഉണ്ടാക്കിയെടുക്കാം. 

2. പണപ്പെരുപ്പത്തെ മറികടക്കണം പെൻഷൻ ഉൾപ്പെടെ ജീവിതച്ചെലവിനായി മാസം ലഭിക്കുന്ന തുക, ക്രമമായി വർധിക്കുമെന്ന് ഉറപ്പാക്കണം. അതായത് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം ഉറപ്പാക്കണം.

3. എത്രനാള്‍ തുടർച്ചയായി പിൻവലിച്ച് ഉപയോഗിക്കുമ്പോൾ ബാക്കിനിൽക്കുന്ന മുതൽതുകകൊണ്ടു തനിക്കും പങ്കാളിക്കും ജീവിച്ചിരിക്കുന്നിടത്തോളം കാലം മുന്നോട്ടുപോകാൻ കഴിയുമോ എന്നു വിലയിരുത്തണം.

4. മെഡിക്കൽ ഇൻഷുറൻസ് പ്രായം ഏറും‌തോറും രോഗങ്ങൾ കൂടും. ഉയരുന്ന ചികിത്സാച്ചെലവുകളും വെല്ലുവിളിയാകും. അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്.

5. ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ കാലശേഷം ജീവിതപങ്കാളിയെയോ ആശ്രിതരെയോ തുടർന്നു സംരക്ഷിക്കണം എന്നുണ്ടെങ്കിൽ ലൈഫ് ഇൻഷുറൻസ് കവറേജും വേണ്ടിവരാം.

നിക്ഷേപം പലതിലാക്കാം
 

കയ്യിലെ തുക ഒരുമിച്ചു നിക്ഷേപിക്കാതെ വ്യത്യസ്ത പദ്ധതികളിൽ വിഭജിച്ചിടണം. അതിൽ ആദ്യപരിഗണന ബാങ്കു നിക്ഷേപത്തിനു തന്നെയാകാം. മുതലിനും പലിശയ്ക്കും സുരക്ഷയും സ്ഥിരതും ഉറപ്പാക്കാം എന്നതാണ് കാരണം. ഓരോരുത്തരുടെയും ജീവിതസാഹചര്യവും ബാക്കിനിൽക്കുന്ന സാമ്പത്തികലക്ഷ്യങ്ങളും അനുസരിച്ച് കോർപ്പസിന്റെ 50 ശതമാനംവരെ ഓഹരികളിലോ മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപിക്കാം. നാഷണൽ പെൻഷൻ സ്കീമിൽ ഉയർന്ന മൂലധന വർധന ലഭിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ തുടക്കത്തിൽ, മുതൽ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടു മ്യൂച്വൽ‌ഫണ്ടിലിട്ട് ലാഭം പിൻവലിച്ചെടുക്കുന്ന രീതിയിൽ ശ്രദ്ധിച്ചു മുന്നോട്ടു‌നീങ്ങണം. ഓഹരി നിക്ഷേപത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്താൽ നിശ്ചിത തുക ഓഹരിയിലേക്കും മാറ്റിവയ്ക്കാം. നിലവിൽ ന്യായമായ പെൻഷൻ ലഭിക്കുന്നവർക്ക് അതിൽ ഒരു ഭാഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ വഴി നല്ല ഫണ്ടുകളിൽ പുനർ നിക്ഷേപമാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മധ്യകാല, ദീർഘകാല കാഴ്ചപ്പാടിൽ വേണം നിക്ഷേപങ്ങൾ. വിപണി മെച്ചപ്പെടുമ്പോൾ ഒരു ഭാഗം ഓഹരികൾ വിറ്റു‌ മുതൽ തിരിച്ചുപിടിക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹം നടത്താനുള്ളവർക്ക് കുറച്ചു സ്വർണം വാങ്ങിവയ്ക്കാം. എല്ലാക്കാലത്തും സ്വർണം പണപ്പെരുപ്പനിരക്കിനുമേൽ മൂലധന വളർച്ച നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ബോണ്ടായോ പണയംവയ്ക്കാനും വിൽക്കാനും സാധിക്കുന്ന ആഭരണങ്ങളായോ സ്വർണം വാങ്ങാം. ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമുള്ള എമർജൻസി ഫണ്ടിന്റെ ഒരു ഭാഗവും സ്വർണത്തിലാക്കാം. സ്വന്തം സംരംഭം റിസ്ക്കാണ്. എന്നാൽ കുടുംബത്തിലുള്ളവരുടെ നല്ല ബിസിനസിൽ വായ്പ നൽകുകയോ മൂലധനമായി നിക്ഷേപിക്കുകയോ ചെയ്യാം. തുടക്കത്തിലേ നല്ല തുക കയ്യിലുണ്ടെങ്കിൽ ചെറിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആകാം. വീടോ കടയോ നിർമ‍ിക്കാവുന്ന ചെറുപ്ലോട്ടുകളിൽ ആകുന്നതാണ് നല്ലത്. ചെറു പ്ലോട്ടുകളുണ്ടെങ്കിൽ വീട് നിർമിച്ചു വിൽക്കാൻ പണം മുടക്കാം. ഊഹക്കച്ചവട സാധ്യത ഒഴിവാക്കി ഉടൻ ആവശ്യംവരാത്ത പണം വേണം റിയൽ എസ്റ്റേറ്റിൽ മുടക്കാൻ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *