ഖത്തർ നാഷനൽ ലൈബ്രറിക്ക് അന്താരാഷ്ട്ര അംഗീകാരം
ദോഹ: ലോകത്തിലെ ഏറ്റവും മനോഹരമായ 17 ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷനൽ ലൈബ്രറി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ സ്ഥിതി ചെയ്യുന്ന സ്ട്രാഹോവ് മൊണാസ്ട്രിയാണ് ഏറ്റവും മനോഹര ലൈബ്രറിയായി ആഡ് മിഡിലീസ്റ്റ് തിരഞ്ഞെടുത്തത്. അയർലൻഡിലെ ഡബ്ലിനിടെ ട്രിനിറ്റി കോളജിന്റെ പഴയ ലൈബ്രറി, ബ്രസീലിലെ റിയോ ഡെ ജനീറോയിലെ റോയൽ പോർചുഗീസ് കാബിനറ്റ് ഓഫ് റീഡിങ് എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലെ രാംപുറിലെ റാസ ലൈബ്രറി 12ാം സ്ഥാനത്തുണ്ട്. വിഖ്യാത ഡച്ച് ആര്‍ക്കിടെക്ട് രെം കൂല്‍ഹാസാണ് ഖത്തർ നാഷനൽ ലൈബ്രറി രൂപകൽപന ചെയ്തത്. രണ്ട് കടലാസ് കഷണം മടക്കിയുണ്ടാക്കിയ ഷെൽ പോലുള്ള ഘടന ഒറ്റനോട്ടത്തിൽ ഹൃദ്യവും കൗതുകം ജനിപ്പിക്കുന്നതുമാണ്. ഓപൺ പ്ലാനിലുള്ള ഇന്റീരിയറും അതി മനോഹരം.
വിശാലമായ വായനശാലകൾ, പ്രദർശന സ്ഥലങ്ങൾ, പ്രത്യേക ഗവേഷണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അതിശയിപ്പിക്കുന്ന കാഴ്ചഭംഗിയുള്ള വിവിധ ഇടങ്ങൾ ലൈബ്രറിക്കകത്തുണ്ട്. 21ാം നൂറ്റാണ്ടിലെ ഏറ്റവും പുതിയ ദേശീയ ലൈബ്രറിയായ ഖത്തര്‍ നാഷനല്‍ ലൈബ്രറി 2018 ഏപ്രില്‍16 നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ലോകത്തിന് സമര്‍പ്പിച്ചത്.
10,00,000 (ഒരു മില്യണ്‍) എന്ന ക്രമനമ്പറില്‍ വരുന്ന ഗ്രന്ഥം ഷെല്‍ഫിലേക്ക് എടുത്തുവെച്ചാണ് അമീര്‍ ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. 843 വര്‍ഷം പഴക്കമുള്ള ക്രിസ്തുവര്‍ഷം 1175 ല്‍ എഴുതിയ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ (പ്രവാചക വചനങ്ങള്‍) സ്വഹീഹുല്‍ ബുഖാരിയുടെ അപൂര്‍വ ഗ്രന്ഥമാണ് അമീര്‍ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്ത് ഷെല്‍ഫില്‍ ക്രമീകരിച്ചത്. 15 ലക്ഷത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ അപൂര്‍വശേഖരവും മികച്ച സൗകര്യങ്ങളും നൂതന ക്രമീകരണങ്ങളും നാഷനല്‍ ലൈബ്രറിയെ പുസ്തകപ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.
കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ നീണ്ടശേഖരവും ഇവിടെയുണ്ട്. ക്യു.എന്‍.എല്‍ പൈതൃക ലൈബ്രറിയിലെ അറബ്, ഇസ്ലാമിക് സംസ്കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂര്‍വയിനം പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കൈയെഴുത്ത് പ്രതികള്‍, ആദ്യകാല പുസ്തകങ്ങള്‍, ചരിത്രഭൂപടങ്ങള്‍, ഗ്ലോബുകള്‍, ശാസ്ത്രോപകരണങ്ങള്‍ എന്നിവയും പൈതൃക ലൈബ്രറിയില്‍ സജ്ജമാണ്. ഖത്തർ നാഷനൽ ലൈബ്രറിയുടെ മേൽക്കൂര രൂപകൽപന ചെയ്തത് വെയിൽ ഫിൽട്ടർ ചെയ്ത് ചൂട് കുറക്കുന്ന രീതിയിലാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)