കുവൈറ്റിൽ ജൂലൈ 14 മുതൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റാം
ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് 2024ലെ മന്ത്രിതല പ്രമേയം (6) ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ചു. ആഭ്യന്തര വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്കുള്ള ട്രാൻസ്ഫർ ഈ മാസം (ജൂലൈ) 14 മുതൽ സെപ്റ്റംബർ 12 വരെ പ്രവർത്തിക്കും. കൈമാറ്റത്തിന് വീട്ടുജോലിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്, കൂടാതെ തൊഴിലാളി നിലവിലെ സ്പോൺസറുമായി ഒരു വർഷം പൂർത്തിയാക്കണം എന്നതാണ് നിയമത്തിലെ പ്രധാന നിബന്ധനകളിൽ ഒന്ന്. ഇതിനായി 50 ദിനാർ സാമ്പത്തികമായി ഈടാക്കണമെന്നും തീരുമാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓരോ വർഷത്തെക്കുമുള്ള താമസ രേഖക്ക് 10 ദിനാർ വീതമാണ് ഫീസ്. സ്വകാര്യ മേഖലയിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,സർക്കാർ പദ്ധതികൾ, ചെറുക്കിട, ഇടത്തരം സംരംഭങ്ങൾ, മുതലായ മേഖലകളിൽ, നിലവിലെ സ്പോൺസറുടെ അനുമതിയോടെ, വിസ മാറ്റം സാധ്യമാകും.
വിസ മാറ്റം നടത്തി കഴിഞ്ഞാൽ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ അനുവദിക്കുന്ന തൊഴിൽ പരമായ മുഴുവൻ അവകാശങ്ങൾക്കും അർഹരായിരിക്കും. 2018 ൽ ആണു ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വിസയിലേക്ക് താമസ രേഖ മാറുന്നതിനു അവസാനമായി അനുമതി നൽകിയത്. നിലവിലെ സ്പോൺസറുടെയൊ അല്ലെങ്കിൽ സ്പോൺസരുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേയോ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമാണ് വിസ മാറ്റത്തിന് അന്ന് അനുമതി നൽകിയത്. ഇത് കാരണം പലർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ നിബന്ധന ഇല്ലാതെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊഴിൽ വിപണിയിൽ ആവശ്യമായ തൊഴിലാളികളെ രാജ്യത്തിന് അകത്ത് നിന്നും കണ്ടെത്തുവാനും തൊഴിൽ വിപണി സന്തുലപ്പെടുത്തുവാനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പുതിയ തീരുമാനം. ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)