ജീവിക്കാൻ അനുയോജ്യമായ നഗരം: ദോഹ പശ്ചിമേഷ്യയിൽ നാലാമത്
ദോഹ: ജീവിക്കാന്‍ അനുയോജ്യമായ ലോകത്തെ മികച്ച നഗരങ്ങളില്‍ ഇടംപിടിച്ച് ദോഹ. മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ നാലാം സ്ഥാനത്താണ് ഖത്തര്‍ തലസ്ഥാനം. അടിസ്ഥാന സൗകര്യം, സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇക്കണോമിസ്റ്റ് ഇന്റലിജന്റ്സ് യൂനിറ്റാണ് പട്ടിക തയാറാക്കിയത്. 73.4 ആണ് ദോഹയുടെ ഇന്‍ഡക്സ് സ്കോര്‍. ആകെ 173 നഗരങ്ങളാണ് പട്ടികയിലുള്ളത്. മെനാ മേഖലയില്‍ അബൂദബി. ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്.
ഇതില്‍ അബൂദബിയുടെയും ദുബൈയുടെയും ഇന്‍ഡക്സ് സ്കോര്‍ 80ന് മുകളിലാണ്. 80ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന നഗരങ്ങളെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളായാണ് വിലയിരുത്തുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയാണ് പട്ടികയില്‍ മുന്നില്‍. കോപ്പന് ഹേഗന്‍ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഇസ്രായേല്‍ തലസ്ഥാന നഗരമായ തെല്‍ അവീവിനാണ് ഇത്തവണ പട്ടികയില്‍ വലിയ തിരിച്ചടിയേറ്റത്. ഗസ്സ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടികൾ ഇസ്രായേല്‍ നഗരമായ തെല്‍ അവീവിന് വലിയ തിരിച്ചടിയുണ്ടാക്കി. തെൽ അവീവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 സ്ഥാനം താഴേക്ക് പോയി ആദ്യ നൂറിൽനിന്ന് പുറത്തായി. 112 ആണ് തെൽ അവീവിന്റെ സ്ഥാനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)