ഇതറിഞ്ഞോ? വിദേശത്തായിരിക്കെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും ഖത്തരികൾക്ക് പ്രശ്നമല്ല
ദോഹ: രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ പാസ്പോർട്ടോ ഐഡിയോ കാലാവധി കഴിഞ്ഞാലും പൗരന്മാർക്ക് തിരിച്ചെത്താനുള്ള സേവനം ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പാസ്പോർട്ടോ ഐഡിയോ കാലാവധി കഴിയുകയോ നഷ്ടപ്പെടുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മെട്രാഷ് 2 ആപ്ലിക്കേഷനിലെ ട്രാഫിക് ടിക്കറ്റ് ഇഷ്യൂ സേവനം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ഇലക്ട്രോണിക് സേവനങ്ങൾ നവീകരിച്ച് നടപടിക്രമങ്ങൾ എളുപ്പമാക്കാനാണ് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയത്തിലെ നാഷനാലിറ്റി-ട്രാവൽ ഡോക്യുമെന്റ് വിഭാഗം മേധാവി ബ്രിഗേഡിയർ ഹമദ് അബ്ദുൽ വഹാബ് അൽ മുതവ്വ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലാർ കാര്യ വകുപ്പുമായി സഹകരിച്ച് വിദേശരാജ്യങ്ങളിലെ നയതന്ത്ര മിഷനുകൾ വഴിയാണ് സേവനം ലഭ്യമാക്കുക. 24 മണിക്കൂറും മെട്രാഷിൽ ഈ സേവനം പൗരന്മാർക്ക് ലഭ്യമാണ്. എംബസിയോ കോൺസുലേറ്റുകളോ സന്ദർശിക്കാതെ മിനിറ്റുകൾക്കകം പ്രശ്നം പരിഹരിക്കാം. കുടുംബാംഗങ്ങൾ വേണ്ടിയും ഉപയോഗിക്കാം. അതേസമയം, വിദേശത്ത് പോകുന്നതിന് മുമ്പ് പാസ്പോർട്ടിന്റെ സാധുത ഉറപ്പാക്കണമെന്നും നഷ്ടപ്പെടാതിരിക്കാനും കേടുപാട് സംഭവിക്കാതിരിക്കാനും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നൽകുകയും ചെയ്തു. വിദേശത്ത് മെട്രാഷ് ആപ്ലിക്കേഷൻ ലഭ്യമാകുന്നതിൽ തടസ്സം നേരിട്ടാൽ എംബസിയെ സമീപിക്കണമെന്നും രാജ്യത്തിന് പുറത്ത് വെച്ച് കുഞ്ഞ് ജനിക്കുന്നത് പോലുള്ള പ്രത്യേക കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശം വെക്കണമെന്നും ഹമദ് അബ്ദുൽ വഹാബ് അൽ മുതവ്വ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)