ഖത്തര് വേനലവധി; വിമാനത്താവളത്തിൽ തിരക്കേറി
ദോഹ: ഖത്തരികൾ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂൾ അടച്ചപ്പോൾ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിച്ചു. സ്വദേശികൾ തുർക്കിയ, ഇംഗ്ലണ്ട്, ആസ്ട്രിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലാൻഡ്, ജോർജിയ, യു.എസ്, തായ്ലാൻഡ്, മലേഷ്യ, ഈജിപ്ത്, ജോർഡൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പോകുന്നത്. ഇതിൽ തന്നെ തുർക്കിയ, ഇംഗ്ലണ്ട് എന്നിവയാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്.
രാജ്യത്തെ കനത്ത ചൂട് കാരണം ചൂട് മിതമായതും തണുപ്പുള്ളതുമായ രാജ്യങ്ങളിലേക്കാണ് ഖത്തരികൾ പ്രധാനമായും പോകുന്നത്. വിവിധ യൂറോപ്യൻ നഗരങ്ങളിൽ നടക്കുന്ന പ്രധാന സ്പോർട്സ് ടൂർണമെന്റുകളും ചാമ്പ്യൻഷിപ്പുകളും നടക്കുന്നതിനാൽ ടിക്കറ്റ് നിരക്കും ഹോട്ടൽ ചെലവുകളും കൂടുതലാണ്. അതുകൊണ്ടുതന്നെ പതിവായി യൂറോപ്പിൽ പോകാറുള്ള പലരും ഇത്തവണ മലേഷ്യ, തായ്ലൻഡ്, മാലദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്. വിദേശത്ത് പോകുന്ന ഖത്തരികൾക്കായി വിദേശകാര്യ മന്ത്രാലയം വിവിധ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വില കൂടിയ വസ്തുക്കളും ആഡംബര വാച്ചുകളും ആഭരണങ്ങളും ധരിക്കരുത്, വലിയ തുക പണമായി കൈയിൽ കരുതരുത്- പകരം ബാങ്ക് കാർഡുകൾ ഉപയോഗിക്കുക, യാത്രാ ചെലവ് ലാഭിക്കാനായി നേരത്തെ ആസൂത്രണം നടത്തണം, താമസം-ഹോട്ടൽ ബുക്കിങ് -കാർ വാടകക്കെടുക്കൽ തുടങ്ങിയവക്ക് അംഗീകൃതവും അറിയപ്പെടുന്നവരുമായ ഏജന്റുമാരെ ബന്ധപ്പെടണം,
വിശ്വസനീയമായ വെബ്സൈറ്റുകൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്നത് ചെക്ക് ഇൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും. ചെക്ക് ഇൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ നേരത്തെയെത്താൻ നിർദേശമുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)